Current Date

Search
Close this search box.
Search
Close this search box.

ബാബരി: പ്രതിഷേധവുമായി വിവിധ സംഘടനകള്‍

കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബുധനാഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ അതൃപ്തിയും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ശക്തമായ അപലപനം രേഖപ്പെടുത്തിയ വിവിധ സംഘടനകളും നേതാക്കളും വിധി ഹിന്ദുത്വ ഭരണകൂടത്തിന് കീഴ്‌വഴങ്ങിയുള്ളതാണെന്നും പ്രസ്താവിച്ചു.

വിധി നിര്‍ഭാഗ്യകരം: മുസ്ലിം ലീഗ്

നിയമവിരുദ്ധമായും അക്രമ മാര്‍ഗത്തിലൂടെയും ബാബരി മസ്ജിദ് തകര്‍ത്തവരെ ശിക്ഷയില്ലാതെ വെറുതെ വിടുന്ന വിധി വളരെ നിര്‍ഭാഗ്യകരമാണ്. അന്വേഷണ ഏജന്‍സി ഇതിനെതിരെ അപ്പീല്‍ പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും സമാധാനം പുലര്‍ത്തുകയും മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് ഈ വിധി, അന്വേഷണ ഏജന്‍സികള്‍ അപ്പീല്‍ പോകണമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോടതി വിധി അതീവ നിരാശാജനകം- സമസ്ത കാന്തപുരം വിഭാഗം

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ട സംഭവം അതീവ നിരാശാജനകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരും ജനറല്‍ സെകട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ മതേതരത്വത്തെ ആഴത്തില്‍ മുറിപ്പെടുത്തിയ സംഭവമായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കല്‍. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണം അതിനു പിന്നിലുണ്ടായിരുന്നു. പ്രതികളില്‍ ചിലര്‍ രാജ്യം മുഴുവന്‍ യാത്ര നടത്തി വര്‍ഗീയ പ്രചാരണം നടത്തിയവരും, വളരെ പ്രത്യക്ഷമായി ബാബരി വിരുദ്ധ കാമ്പയിനു നേതൃത്വം നല്കിയവരുമാണ്.

അവരെയെല്ലാം വെറുതെ വിടുകയും അവര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചവരായിരുന്നു എന്ന് സ്ഥാപിക്കുകയും ചെയ്യുന്ന കോടതി വിധി അതീവ ദു:ഖകരമാണ്. 1992 ല്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ച നടപടി നിയമലംഘനമാണെന്നും ക്രിമിനല്‍ കുറ്റമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. അതിനു കാരണക്കാരായ പ്രതികളെ വളരെ ലാഘവത്തോടെ വെറുതെവിടുന്നതും അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും എന്ത് സന്ദേശമാണ് നല്‍കുകയെന്ന് സമസ്ത നേതാക്കള്‍ ചോദിച്ചു.

കോടതി വിധി ദൗര്‍ഭാഗ്യകരം- സുന്നി മഹല്ല് ഫെഡറേഷന്‍

ചേളാരി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബഹു. ലക്നൗ സി.ബി.ഐ സ്പെഷ്യല്‍ കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നുമുള്ള നിരീക്ഷണം നടത്തി കുറ്റക്കാരെ വെറുതെ വിട്ടത് ഖേദകരമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിലൂടെ ഇന്ത്യയുടെ മതേതരത്വത്തിന് കളങ്കമുണ്ടാക്കിയെന്നും രാജ്യം ലോകത്തിന് മുമ്പില്‍ നാണംകെട്ടുവെന്നും മുന്‍ രാഷ്ട്രപതി അടക്കം പലരും അന്ന് പ്രതികരിച്ചത് പ്രസ്താവ്യമാണ്. കോടതി വിധി മതേതര ജനാധിപത്യ വിശ്വാസികളെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം അഭിപ്രായപ്പെട്ടു. പള്ളികള്‍ അടച്ചിടുന്നത് കാരണം യാത്രക്കാര്‍ക്ക് നിസ്‌കാരത്തിനും മറ്റും നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് പള്ളികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ മഹല്ല് കമ്മിറ്റികളോട് യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്തു.

രാജ്യത്തിനെതിരായ വെല്ലുവിളി-പോപുലര്‍ ഫ്രണ്ട്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ സിബിഐ പ്രത്യേക കോടതി വിധി രാജ്യത്തെ ജനങ്ങള്‍ക്ക് മാനക്കേടാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം പറഞ്ഞു. സ്വതന്ത്രമായ നീതിന്യായവ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ മതേതരത്വമെന്ന സങ്കല്‍പ്പത്തിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി വിധി. പള്ളി തകര്‍ക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കണ്ടാലറിയാവുന്ന അക്രമിസംഘത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിവിധി നീതിന്യായവ്യവസ്ഥയെ പരിഹാസ്യമാക്കിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പട്ടാപ്പകല്‍, മാധ്യമങ്ങളെ സാക്ഷിയാക്കി സംഘടിതമായി നടത്തിയ കുറ്റകൃത്യത്തില്‍ പ്രതികളായ എല്‍ കെ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമടക്കമുള്ള 32 പ്രതികളെ 28 വര്‍ഷത്തിനു ശേഷം തെളിവില്ലെന്ന് കണ്ടെത്തി വെറുതെവിട്ട ജസ്റ്റിസ് എസ് കെ യാദവിന്റെ വിധി പ്രസ്താവം സത്യത്തിനു നേരെ കണ്ണടച്ചിരിക്കുന്നു. 68 സംഘപരിവാര്‍ നേതാക്കള്‍ മുഖ്യപ്രതികളാണെന്ന ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകളെയും കോടതി വിധി അവഗണിച്ചു.

കോടതി ഹിന്ദുത്വ അജണ്ട നടപ്പാക്കി- സോളിഡാരിറ്റി

കോഴിക്കോട്: ബാബരി തകര്‍ത്ത ക്രിമിനല്‍ കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ട കോടതി വിധി ഹിന്ദുത്വ അജണ്ടയുടെ ആവര്‍ത്തനം മാത്രമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. ബാബരിഭൂമി അക്രമികള്‍ക്ക് നല്‍കുമ്പോള്‍ സുപ്രീംകോടതി തന്നെ വിധി പ്രസ്താവനയില്‍ പള്ളി തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സി.ബി.ഐ പ്രതികളുടെ കുറ്റം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞാണ് കോടതി വിധിവന്നിരിക്കുന്നത്. രജ്യത്തെ നിയമനിര്‍മാണവും നിയമപാലനവും നിയമ വ്യവസ്ഥയും എല്ലാം ഹിന്ദുത്വ ശക്തികള്‍ക്ക് കീഴൊതുങ്ങിയിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളടക്കം എല്ലാ ജനാധിപത്യ സ്ഥാപനങ്ങളും രാഷട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തപ്പെടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര ഇന്ത്യയില്‍ തുടക്കം മുതല്‍ തന്നെ മുസ്ലിം അപരനെ സൃഷ്ടിച്ച് വംശഹത്യാ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വിഭജനാനന്തരമുള്ള കലാപങ്ങളില്‍ തുടങ്ങി വംശീയ കലാപങ്ങള്‍, ആള്‍ക്കൂട്ട അക്രമങ്ങള്‍, പശുരക്ഷാ കൊലകള്‍, ഭരണകൂട ഭീകരതകള്‍, പൗരത്വ നിഷേധം എന്നിവയിലൂടെ നിയമ വ്യവസ്ഥയിലും നിയമനിര്‍മാണ സഭകളിലും വരെ ഇത് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങളെ അപ്രസക്തമാക്കി സര്‍വാധിപത്യം സ്ഥാപിക്കുകയാണ് ഹിന്ദുത്വം ചെയ്തിരിക്കുന്നത്. ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് എല്ലാവരും ഒന്നിച്ച് രംഗത്തിറങ്ങണമെന്നും നഹാസ് മാള പറഞ്ഞു.

കോടതി വിധി ജുഡീഷ്യല്‍ കര്‍സേവ – വെല്‍ഫെയര്‍ പാര്‍ട്ടി

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കോടതി മുപ്പത്തിരണ്ട് പ്രതികളെയും വെറുതെ വിട്ടു കൊണ്ടുള്ള വിധി ജുഡീഷ്യല്‍ കര്‍സേവ ആണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനു വേണ്ടിയുള്ള ആസൂത്രണം ആര്‍എസ്എസിന് നേതൃത്വത്തില്‍ നടത്തുകയും എല്‍. കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുന്‍കൈയെടുത്ത് ലക്ഷത്തോളം വരുന്ന കര്‍സേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകര്‍ക്കുകയുമാണ് ചെയ്തത്.

ഇന്ത്യയിലെ ഹിന്ദുത്വ ശക്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തി പദ്ധതിയെ കുറിച്ച് ഒരു തരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ രാജ്യത്തോടുള്ള അനീതിയാണ്. മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തല്‍സ്ഥാനത്തു ബാബരി പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ നീതി നടപ്പിലാക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

വിധി വേദനാജനകവും അപമാനകരവും: മഅ്ദനി

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി വേദനാജനകവും അപമാനകരവും അവിശ്വസനീയവുമാണെന്ന് അബ്ദുന്നാസര്‍ മഅ്ദനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മഅ്ദനി കോടതി വിധിയിലെ അനീതി ചൂണ്ടിക്കാട്ടിയത്.

കോടതി വിധി ഹിന്ദുത്വ നീതി: എസ്.ഐ.ഒ

മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട ലക്‌നൗ പ്രത്യേക സി.ബി.ഐ കോടതിയുടെ വിധി ഹിന്ദുത്വ നീതിയാണ് നടപ്പിലാക്കിയതെന്ന് എസ്.ഐ.ഒ. മലപ്പുറം ജില്ലാ പ്രസിഡന്റ് സല്‍മാനുല്‍ ഫാരിസ്. കോടതി വിധിയില്‍ പ്രതിഷേധിച്ചുകൊണ്ട് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലില്‍ സംഘടിപ്പിച്ച സമരചത്വരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പളളി പൊളിച്ചത് മുന്‍കൂട്ടി ആസൂത്രിതമായിട്ടല്ലെന്നും കര്‍സേവക്ക് നേതൃത്വം നല്‍കിയ എല്‍.കെ അദ്വാനിയും ജോഷിയുമടക്കമുള്ളവര്‍ ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നുമുള്ള കോടതിയുടെ പരാമര്‍ശം പരിഹാസ്യവും ആസൂത്രിതവുമാണെന്നും അദ്ദേഹം പറഞ്ഞു. സംഗമത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി.
കോടതി വ്യവഹാരങ്ങളും നിയമവും അനീതിയുടെ പക്ഷം ചേരുമ്പോള്‍ നീതി ലഭ്യമാക്കാനുള്ള ഏക വഴിയും ഇടവും ജനാധിപത്യ പോരാട്ടങ്ങളും തെരുവുകളും മാത്രമാണ്. കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ കുറ്റകരമായ വിധിക്കെതിരെ ജില്ലയിലെ മുഴുവന്‍ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ സംഗമം ആഹ്വാനം ചെയ്തു.

 

Related Articles