Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ പ്രക്ഷോഭം: 208 പേര്‍ കൊല്ലപ്പെട്ടതായി ആംനെസ്റ്റി

തെഹ്‌റാന്‍: ഇറാനില്‍ അരങ്ങേറിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇതുവരെയായി 208 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ സുരക്ഷ സേന നടത്തിയ ഭയാനകമായ ആക്രമണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഫലമാണ് മരണസംഖ്യ പ്രതിഫലിപ്പിക്കുന്നതെന്നും യു.കെ ആസ്ഥാനമായുള്ള സംഘടന പ്രസ്താവനയിലൂടെ പറഞ്ഞു. വിശ്വസനീയമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നും യഥാര്‍ത്ഥ മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. തെഹ്‌റാന്‍ പ്രവിശ്യയിലെ ഷഹരിയാറില്‍ ആണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ എത്രയാണെന്ന് തിട്ടപെടുത്താത്ത ഇറാന്‍ നേരത്തെ ആംനെസ്റ്റിയുടെ കണക്കുകള്‍ തള്ളിയിരുന്നു.

നവംബര്‍ രണ്ടാം വാരത്തിലാണ് പെട്രോള്‍ വിലവര്‍ധനവിലും റേഷനിങ്ങ് സമ്പ്രദായത്തിലും പ്രതിഷേധിച്ച് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായത്. എന്നാല്‍ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ് പൊലിസും സൈന്യവും ചെയ്തത്. പ്രക്ഷോഭത്തെ മറികടന്നെന്നും രാജ്യത്ത് പ്രശ്‌നങ്ങളില്ലെന്നുമാണ് ഭരണകൂടം പറയുന്നത്. രാജ്യത്തിന്റെ ശത്രുക്കളാണ് സമരത്തിന് പിന്നിലെന്നും ഭരണകൂടം ആരോപിച്ചു. സര്‍ക്കാര്‍ അനുകൂല റാലിയും ഇറാനില്‍ അരങ്ങേറിയിരുന്നു.

Related Articles