Current Date

Search
Close this search box.
Search
Close this search box.

ഏഷ്യന്‍ കപ്പ് സെമി ഫൈനല്‍: ഖത്തറും യു.എ.ഇയും ഇന്ന് നേര്‍ക്കുനേര്‍

അബൂദാബി: എ.എഫ്.സി ഏഷ്യന്‍ കപ്പിലെ കലാശപ്പോരാട്ടത്തിനേക്കാള്‍ വീറും വാശിയും നിറഞ്ഞ മത്സരത്തിനാകും ഇന്ന് അബൂദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. സ്വന്തം മണ്ണില്‍ വിരുന്നെത്തിയ ഏഷ്യന്‍ വന്‍കരയിലെ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കാന്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയം മാത്രം സ്വപ്‌നം കണ്ടാണ് യു.എ.ഇ ഇന്ന് ഗ്രൗണ്ടിലിറങ്ങുക. അതേസമയം കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി തങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന യു.എ.ഇക്ക് കനത്ത മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ അങ്കത്തിനിറങ്ങുന്നത്. യു.എ.ഇ സമയം ചൊവ്വാഴ്ച വൈകീട്ട് ആറിനും ഇന്ത്യന്‍ സമയം രാത്രി 7.30നുമാണ് മത്സരം.

qatar team

അതേസമയം, ഉപരോധത്തിന്റെ പേരു പറഞ്ഞ് ഖത്തര്‍ പൗരന്മാര്‍ക്ക് മത്സരം വീക്ഷിക്കാനുള്ള അനുമതി നിഷേധിച്ചിരിക്കുകയാണ് യു.എ.ഇ. യു.എ.ഇ ദേശീയ ടീമിനെ പിന്തുണക്കുന്ന ആരാധകര്‍ക്ക് സൗജന്യ പാസ് നല്‍കി സ്റ്റേഡിയം മുഴുവന്‍ തങ്ങളുടെ ആരാധകരെ വിന്യസിക്കുകയാണ് യു.എ.ഇ അധികൃതര്‍. ഇതിലൂടെ യു.എ.ഇ ടീമിന് കനത്ത മാനസിക പിന്തുണയും ആത്മവിശ്വാസവും നല്‍കുക എന്നാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്. യു.എ.ഇ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലും രാഷ്ട്രീയം കലര്‍ത്തുകയാണെന്നും ഖത്തര്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് പ്രവേശനം നിഷേധിച്ചത് കടുത്ത ക്രൂരതയാണെന്നും വ്യാപക വിമര്‍ശനമുണ്ട്. യു.എ.ഇയുടെ നിലപാട് ഖത്തര്‍ ആരാധകര്‍ക്കിടയില്‍ അമര്‍ഷവും നിരാശയുമുണ്ടാക്കിയിട്ടുണ്ട്.

uae team

ആദ്യമായിട്ടാണ് ഖത്തര്‍ ഏഷ്യന്‍ കപ്പിന്റെ സെമി ഫൈനലിലെത്തുന്നത്. ഉപരോധത്തിനു ശേഷം ഇരു രാജ്യങ്ങളും ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന മത്സരമായതിനാല്‍ തന്നെ വീറും വാശിയും നിറഞ്ഞ കടുത്ത മത്സരം തന്നെയാകും എന്നാണ് ആഗോള മാധ്യമങ്ങളും ഫുട്‌ബോള്‍ ആരാധകരും വിലയിരുത്തുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗത്ത് കൊറിയയെ ഒരു ഗോളിന് തോല്‍പിച്ചാണ് ഖത്തര്‍ വരുന്നതെങ്കില്‍ ഓസ്‌ട്രേലിയയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യു.എ.ഇ എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമിഫൈനലില്‍ ഇറാനെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളുകളുടെ വിജയത്താല്‍ ജപ്പാന്‍ ഫൈനലിലെത്തിയിരുന്നു.

Related Articles