Current Date

Search
Close this search box.
Search
Close this search box.

ആഗ്ര ജുമാമസ്ജിദിലും ഘനനം നടത്തണമെന്ന് സംഘ്പരിവാര്‍

ന്യൂഡല്‍ഹി: ആഗ്രയിലെ ജഹനാര ജുമാമസ്ജിദിന് അടിയിലും കൃഷ്ണ വിഗ്രഹമുണ്ടെന്നും ഈ പള്ളിയിലും സര്‍വേയും ഘനനവും നടത്തണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ രംഗത്ത്. യു.പിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ പുരാവസ്തു വകുപ്പിന് കോടതി അനുമതി നല്‍കിയതിന് പിന്നാലെയാണ് സമാനമായ ആവശ്യമുന്നയിച്ച് സംഘ്പരിവാര്‍ രംഗത്തെത്തിയത്. ഈ ആവശ്യമുന്നയിച്ച് മഥുര കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഗ്രൗണ്ട് റേഡിയോളജി ടെസ്റ്റ് നടത്തണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഭഗവാന്‍ ശ്രീകൃഷ്ണ വിരജ്മാന്‍ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകനായ ശൈലേന്ദര്‍ സിങ്, മനീഷ് യാദവ് എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസീബ് മഥുരയിലെ ജമന്‍സ്ഥന്‍ ക്ഷേത്രം തകര്‍ത്ത് അവിടെയുണ്ടായിരുന്ന കൃഷ്ണവിഗ്രഹം ആഗ്രയിലേക്ക് കൊണ്ടുപോയി ജഹനാര മസ്ജിദിന് താഴെ കുഴിച്ചിടുകയായിരുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ആഗ്ര ജുമാമസ്ജിദ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശ്രീകൃഷ്ണന്റെ വിഗ്രഹങ്ങള്‍ മസ്ജിദിനടിയില്‍ അടക്കം ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ വേണ്ടി സര്‍വേ നടത്തണമെന്നാണ് ആവശ്യം. മധുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നും ഇത് നിലനില്‍ക്കുന്ന സ്ഥലം ശ്രീകൃഷ്ണ ജന്മഭൂമി ട്രസിറ്റിന് കൈമാറണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയ സംഘടനയാണ് ഈ ഹരജിയും കൊണ്ടുവന്നിരിക്കുന്നത്.

Related Articles