Current Date

Search
Close this search box.
Search
Close this search box.

മൗലാന റബീഅ് ഹസന്‍ നദ്‌വിയുമായി ടി ആരിഫലി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ചെയര്‍മാന്‍ റാബി ഹസന്‍ നദ്‌വിയുമായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ടി. ആരിഫലി കൂടിക്കാഴ്ച നടത്തി. ബാബരി മസ്ജിദ് വിഷയത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.

‘അല്ലാഹുവിന്റെ ഭവനമായ ബാബരി മസ്ജിദിന്റെ സംരക്ഷണം മുസ്ലിം സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നും സാമൂഹ്യ സംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നും നമുക്കെന്താണ് ചെയ്യാന്‍ കഴിയുക, അത് നമ്മള്‍ ചെയ്യണമെന്നും’ അദ്ദേഹം പറഞ്ഞു. നമ്മള്‍ക്ക് വേണ്ടി നിയോഗിച്ച അഭിഭാഷകര്‍ അവരുടെ ജോലി നന്നായി ചെയ്തിട്ടുണ്ട്. മറ്റു വിഭാഗത്തിന്റെ അഭിഭാഷകര്‍ അവരുടെ ഹര്‍ജിയില്‍ വിശ്വാസവും വികാരവും കൊണ്ടുവന്നു.

നമുക്ക് ചെയ്യാന്‍ കഴിയുന്നതിന് മാത്രമാണ് ഇസ്ലാം നമുക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇന്ത്യയിലെ പള്ളിക്കു വേണ്ടി പ്രശ്‌നമുണ്ടാക്കാനോ പോരാട്ടം നടത്തുവാനോ അല്ലാഹു ഉത്തരവിട്ടിട്ടില്ല. ഇപ്പോഴത്തെ പ്രശ്‌നം നിയമപരമാണ്. ഇത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്, മുസ്ലിംകളുടെതല്ല. സുപ്രിം കോടതി നീതിയും വസ്തുതകളും നോക്കിയല്ല വിധി പ്രസ്താവിക്കുന്നതെങ്കില്‍ ഈ നിലപാട് ഇന്ത്യക്കകത്തും പുറത്തും ചോദ്യം ചെയ്യപ്പെടും. വരും തലമുറയോടും രാജ്യം ഉത്തരം പറയേണ്ടി വരും- നദ്‌വി പറഞ്ഞു.

നിരവധി വെല്ലുവിളികള്‍ നമ്മള്‍ നേരിടുന്നുണ്ട്. നമ്മുടെ വിശ്വാസവും ജീവിതശൈലിയും പരിഷ്‌കരിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇസ്ലാമിന്റെ മാനവികത എന്ന ആശയം രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ പ്രധാന ഉത്തരവാദിത്വം. ഇതിനായി മുസ്ലിം സമുദായത്തെ പ്രത്യേകിച്ചും യുവ തലമുറയെ പരിശീലിപ്പിക്കുകയും തയാറാക്കുകയും ചെയ്യുക എന്നത മുസ്ലിം നേതാക്കളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles