Current Date

Search
Close this search box.
Search
Close this search box.

ലബ്ബൈക്ക് വിളികളാല്‍ പാല്‍ക്കടലായി അറഫ; ചരിത്രം കുറിച്ച് അറഫ സംഗമം

മക്ക: ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് നാഥന്റെ വിളിക്കുത്തരം നല്‍കി ഒഴുകിയെത്തിയ രണ്ടര ദശ ലക്ഷം പേര്‍ അണിനിരന്ന അറഫ സംഗമം പൂര്‍ത്തിയായി. പരിശുദ്ധ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം ചൊവ്വാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. മസ്ജിദു നമിറയും ജബലുറഹ്‌മയുടെ പരിസരവും അക്ഷരാര്‍ത്ഥത്തില്‍ പാല്‍ക്കടലായി മാറുകയായിരുന്നു. ഇവിടെ വെച്ച് ദുഹര്‍-അസര്‍ നമസ്‌കാരങ്ങള്‍ ജംഅും ഖസ്വ്‌റുമാക്കി നമസ്‌കരിച്ച ഹാജിമാര്‍ കരളുരുകി തങ്ങളുടെ നാഥനോട് പ്രാര്‍ത്ഥിച്ചു.

സൗദിയിലെ പ്രമുഖ പണ്ഡിതനായ ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ സഈദ് ഹാജിമാര്‍ക്ക് അറഫ ദിന സന്ദേശം നല്‍കി. 20 ഭാഷകളിലേക്ക് ഖുത്വുബയുടെ വിവര്‍ത്തനമുണ്ടായിരുന്നു. ഇത്തവണ മലയാളത്തിലും പരിഭാഷ ഉണ്ടായി എന്നത് ശ്രദ്ധേയമായി.

‘ഒരു വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ക്ക് പിന്നില്‍ മുഴുകുന്നത് വിശ്വാസികളെ ഇവിടെ വെച്ച് ശരീഅത്ത് വിലക്കിയിട്ടുണ്ടെന്ന് അറഫ ഖുത്വുബയില്‍ അദ്ദേഹം ഹാജിമാരെ ഉണര്‍ത്തി. വിവിധ മാര്‍ഗങ്ങളിലൂടെയും വിവിധ രീതികളിലൂടെയും ഒരു സമൂഹത്തിലെ ചിലരെ മറ്റു ചിലരോട് വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെയും ഇസ്ലാം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മപ്പെടുത്തി.

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമമായാണ് അറഫ സംഗമത്തെ കണക്കാക്കുന്നത്. തിങ്കളാഴ്ച തന്നെ മിനായിലെ ടെന്റുകളില്‍ നിന്നും അറഫാത് നഗരിയിലേക്കുള്ള ഹാജിമാരുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ഇന്ന് രാവിലെയോടു കൂടി എല്ലാ ഹാജിമാരും അറഫയിലെത്തി.

ഇന്ന് സൂര്യാസ്തമനം വരെ തീര്‍ത്ഥാടകര്‍ പ്രാര്‍ഥതനകളില്‍ മുഴുകി ഇവിടെ കഴിയും. തുടര്‍ന്ന് രാത്രി ഹജ്ജിന്റെ അടുത്ത ഘട്ടമായ മുസ്ദലിഫയിലേക്ക് രാപാര്‍ക്കാനായി നടന്നു നീങ്ങും. അവിടെ വെച്ച് ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വ്വഹിക്കും. ഇന്ന് മുസ്ദലിഫയില്‍ വിശ്രമിക്കുന്ന ഹാജിമാര്‍ നാളെ രാവിലെ മിനായിലെത്തി ജംറയിലെ കല്ലേറ് ആരംഭിക്കും. തുടര്‍ന്ന് ബലി കര്‍മ്മം പൂര്‍ത്തിയാക്കും.

Related Articles