Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആറാം ദിവസവും ശക്തിയാര്‍ജിക്കുമ്പോള്‍

അസദ് ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തില്‍ ഉലഞ്ഞ് സിറിയ. വര്‍ഷങ്ങളായി തുടരുന്ന ആഭ്യന്തര യുദ്ധം മൂലം പൊറുതിമുട്ടിയ ജനം ഒടുവില്‍ തെരുവിലിറങ്ങിയിട്ട് ഒരാഴ്ചയോടടുക്കുകയാണ്.

2011 ലെ സിറിയന്‍ പ്രക്ഷോഭത്തിന്റെ തുടക്കത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ഏറ്റവും പുതിയ പ്രക്ഷോഭവും അരങ്ങേറുന്നത്. പ്രസിഡന്റ് ബഷാര്‍ അല്‍-അസദിനെ അട്ടിമറിക്കണമെന്ന് പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തുകൊണ്ട് സിറിയയിലെ വിവിധ പ്രവിശ്യകളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങള്‍ തുടരുകയാണ്.

തെക്കന്‍ സിറിയയിലും വടക്ക് പടിഞ്ഞാറന്‍ അലപ്പോയിലും ഇദ്ലിബിലും വടക്കുകിഴക്ക് ദേര്‍ അസ് സോര്‍, റഖ, ഹസാകെ എന്നിവിടങ്ങളിലും സ്വീഡയിലും ദേരയിലും നൂറുകണക്കിന് പ്രതിഷേധക്കാര്‍ പ്രകടനത്തില്‍ അണിനിരന്നു.

വിലക്കയറ്റത്തിനെതിരെ പൊറുതിമുട്ടിയ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വീഡയിലെ ജനങ്ങള്‍ ആണ് ആറ് ദിവസം മുമ്പ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കമിട്ടത്. സ്വീഡയിലെ ഭൂരിഭാഗം നിവാസികളും ഉള്‍പ്പെടുന്ന ന്യൂനപക്ഷ മതവിഭാഗത്തിലെ അംഗങ്ങള്‍ പ്രതിഷേധത്തിനിടെ സിറിയന്‍ പ്രതിപക്ഷത്തിന്റെ പതാകയ്ക്കൊപ്പം ഡ്രൂസ് മതവിഭാഗത്തിന്റെ പതാകയും ഉയര്‍ത്തിയതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സിറിയയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു ചെറിയ മത വിഭാഗമാണ് ഡ്രൂസ്. ഇസ്മാഈലി ശീഇസമാണ് ഇവര്‍ പിന്തുടരുന്നത്.

ഭരണം അഴിമതി നിറഞ്ഞതിനാല്‍ അതിനെ മൊത്തത്തില്‍ അട്ടിമറിക്കുക എന്നതാണ് ഞങ്ങളുടെ ഏക ആവശ്യമെന്ന് പ്രക്ഷോഭകര്‍ പറഞ്ഞു. ഈ ആവശ്യങ്ങള്‍ക്ക് ഡ്രൂസ് പുരോഹിതരുടെ പിന്തുണയുണ്ടെന്നും മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രകടനങ്ങള്‍ തുടരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

2011ല്‍, സമാധാനപരമായ പ്രതിഷേധങ്ങളെ സിറിയന്‍ സര്‍ക്കാര്‍ സൈനിക അടിച്ചമര്‍ത്തലിലൂടെയായിരുന്നു നേരിട്ടത്. ഒടുവില്‍ പ്രക്ഷോഭം സായുധ പോരാട്ടമായി മാറി. അത് ഇന്നും തുടരുകയാണ്. അസദ് സര്‍ക്കാറിന് റഷ്യയുടെയും ഇറാന്റെയും പിന്തുണയുണ്ട്. ഇതുവരെയായി സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ 600,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ പ്രവര്‍ത്തകര്‍ കണക്കാക്കുന്നു.

യുദ്ധത്തിന് മുമ്പുള്ള ജനസംഖ്യയുടെ പകുതിയിലധികം രാജ്യത്തിനകത്തും പുറത്തും കുടിയൊഴിപ്പിക്കപ്പെടുകയും നിരവധി സിറിയക്കാരെ യുദ്ധം ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്.

Related Articles