കോഴിക്കോട്: മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ തലയിലെ തട്ടം മാറ്റിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വന്നതുകൊണ്ടാണെന്ന സി.പി.എം നേതാവ് കെ അനില്‍കുമാറിന്റെ വിവാദ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്. സംഭവത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അനില്‍കുമാര്‍ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതികരിച്ചു. സമസ്ത, കേരള മുസ്ലിം ജമാഅത്ത്, മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, വിസ്ഡം, ഐ.എസ്.എം, സോളിഡാരിറ്റി, ജി.ഐ.ഒ, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളാണ് സി.പി.എമ്മിന്റെ കാപട്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കേരള മുസ്ലിം ജമാഅത്ത്
സി.പി.എം നേതാവ് കെ. അനില്‍കുമാര്‍ മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടിളെ അപമാനിച്ച് നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറല്‍ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെന്‍സ് നടത്തിയ ലിറ്റ്മസ് പരിപാടിയില്‍ മലപ്പുറം ജില്ലയിലെ മുസ്ലിം പെണ്‍കുട്ടികളുടെ മതപരമായ വേഷവിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്.
ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.എം തയ്യാറാകണമെന്നും കമ്മിറ്റി പറഞ്ഞു. മനഷ്യത്വ വിരുദ്ധ നവ ലിബറല്‍ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതില്‍ നിന്നും എല്ലാവരും പിന്‍മാറണം. മലപ്പുറം ജില്ലയിലുള്‍പ്പെടെ മുസ്ലി സമുദായം വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പറഞ്ഞു.
സമസ്ത
മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ തട്ടം അഴിച്ചു വെച്ചത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം മൂലമാണെന്ന പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയാണ് പുതിയ ചര്‍ച്ചാ വിഷയം. മതനിരാസവും ദൈവനിഷേധവും ആശയമായി സ്വീകരിച്ചവരാണ് കമ്മ്യൂണിസ്റ്റുകള്‍. സോവിയറ്റ് റഷ്യയിലും മറ്റു നാടുകളിലും മുസ്ലിംകളെ ഉന്മൂലനം ചെയ്ത് അധമരാക്കിയ ചരിത്രമാണ് അവരുടേതെന്നും സമസ്ത നേതാവ് ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
എന്നാല്‍, സമീപകാലത്ത് നമുക്കിടയില്‍ കമ്യൂണിസത്തിന്റെ ഗൗരവം തമസ്‌കരിക്കപ്പെടുകയും അത് കേവലമൊരു രാഷ്ട്രീയ ആശയം മാത്രമാണെന്ന ചിന്ത പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റുകള്‍ ദൈവ വിശ്വാസികളല്ല, നിഷേധികളാണെന്ന വസ്തുത നാം തിരിച്ചറിയണം. മാര്‍ക്സും എംഗല്‍സും മുതല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വരെ അത് സുതരാം വ്യക്തമാക്കിയതാണ്. ‘കമ്മ്യൂണിസം ആരംഭിക്കുന്നിടത്ത് നിരീശ്വരത്വം ആരംഭിക്കുന്നു’വെന്നാണ് മാര്‍ക്സിന്റെ വീക്ഷണം.
കേരളത്തിലെ കമ്മ്യൂണിസം വെറും രാഷ്ട്രീയ പാര്‍ട്ടിയാണെന്നും മതനിരാസ ആശയങ്ങളും മുസ്ലിം വിരുദ്ധ അജണ്ടകളും ഉള്ളടക്കത്തിലില്ല എന്നുമുള്ള ഭാഷ്യം തീര്‍ത്തും കപടമാണെന്ന് തെളിയിക്കുന്നതാണ് പുതിയ പ്രസ്താവന.
രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം, കുടില സങ്കുചിതമായ മുസ്ലിം വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സംഘ്പരിവാറിനോട് കിടപിടിക്കുന്നതാണ് കമ്മ്യൂണിസവും.
മലപ്പുറത്തെ വര്‍ഗീയമായും ഇവിടത്തെ മുസ്ലിം കുട്ടികള്‍ തട്ടം ഉപേക്ഷിച്ചത് പാര്‍ട്ടി നേട്ടമായും കണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വതന്ത്ര ചിന്തയും ലൈംഗികതയും പ്രചരിപ്പിച്ച് സമൂഹത്തെ ഏറെ അസംസ്‌കൃതരാക്കുകയാണ് ഇടതുപക്ഷം.
ഇനിയും കമ്മ്യൂണിസം കേവല രാഷ്ട്രീയമാണെന്ന് പ്രസംഗിക്കുന്നവരും പ്രചരിപ്പിക്കുന്നവരും കമ്മ്യൂണിസത്തെ വെള്ള പൂശുന്നവരും സ്വന്തം സമുദായത്തെ ഓര്‍ത്തെങ്കിലും മൗനം ഭജിക്കുകയോ യാഥാര്‍ഥ്യം തുറന്ന് പറഞ്ഞ് പണ്ഡിത ധര്‍മം നിറവേറ്റുകയോ ചെയ്യണമെന്നാണ് വിനീത അഭ്യര്‍ത്ഥന. സംശയാലുക്കള്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മറ്റു സാഹിത്യങ്ങളും നോക്കി പഠിക്കുന്നത് നന്നാകും. സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ.
ഐ.എസ്.എം കേരള
മതനിരപേക്ഷത സമൂഹത്തെ അല്ല, മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പ്രസ്താവന. കമ്മ്യൂണിസം പ്രചരിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ലിബറലിസവും നാസ്തികതയുമാണ് പുതിയ തലമുറയില്‍ കുത്തിവെക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രസ്താവനയെന്നും ഐ.എസ്.എം പത്രക്കുറിപ്പില്‍ പറഞ്ഞു.
‘ജെന്‍ഡര്‍ ന്യൂട്രല്‍ ചിന്തകള്‍ അപ്രയോഗികമാണ് എന്ന് വ്യക്തമായിട്ടും പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്നും ഒഴിച്ചുനിര്‍ത്താന്‍ സാധിക്കാത്തതിന്റെ കാരണവും മറ്റൊന്നുമല്ല. മത രഹിത സമൂഹ സൃഷ്ടിയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത് എന്നതുകൊണ്ടാണ് ഈ ചര്‍ച്ചകള്‍ മുഴുവന്‍ അട്ടിമറിച്ച് ഈ ആശയങ്ങളെ വീണ്ടും കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സിപിഎമ്മിന് മുസ്ലിം സമുദായത്തിന്റെ വിശ്വാസങ്ങളോട് മാത്രം എന്താണ് ഇത്ര പ്രശ്‌നം എന്ന് സമുദായ നേതൃത്വങ്ങള്‍ ചിന്തിക്കേണ്ടതിനോടൊപ്പം മുസ്ലിങ്ങളായ ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ആലോചിക്കേണ്ടതുണ്ട് എന്ന് ഐ.എസ്.എം വിലയിരുത്തുന്നു. ഈ പ്രസ്താവനകളെക്കുറിച്ച് ഇടതുപക്ഷ നേതൃത്വം നിലപാട് വ്യക്തമാക്കേണ്ടതുണ്ട്’. ഐ.എസ്.എം സംസ്ഥാന കമ്മിറ്റി പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി
രാഷ്ട്രീയദുഷ്ടലാക്കില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സി.പി.എമ്മിന്റെ തനിനിറമാണ് ഇടക്കിടെ പുറത്തുചാടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബുറഹ്‌മാന്‍ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറത്തെ മുസ്ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി വളര്‍ന്നുവെന്നും അതിന്റെ ഭാഗമായി തലയില്‍നിന്നു തട്ടമൊഴിവാക്കിയെന്നും യുക്തിവാദി സമ്മേളനത്തില്‍ സി.പി.എം നേതാവ് പ്രസംഗിച്ചിരിക്കെ, വിദ്യാഭ്യാസത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും മലപ്പുറത്തെ കുറിച്ചും സി.പി.എമ്മിന്റെ നിലപാടെന്താണെന്ന് അമീര്‍ ചോദിച്ചു. കുറച്ചുകാലങ്ങളായി രാഷ്ട്രീയദുഷ്ടലാക്കില്‍ കേരളത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിയ സി.പി.എമ്മിന്റെ തനിനിറമല്ലേ ഇടക്കിടെ ഈ പുറത്തുചാടുന്നത്? ഒരു മതവിഭാഗത്തിന്റെ മാത്രം മതപരമായ സ്വത്വത്തോട് മാത്രമെന്തിനാണ് സി.പി.എമ്മിന് ഈ അസ്‌ക്യത? മലപ്പുറത്തെ പെണ്‍കുട്ടികളുടെ തലയിലെ തട്ടം ഒഴിവാക്കലാണോ, മലപ്പുറം ജില്ലയെക്കുറിച്ച സി.പി.എമ്മിന്റെ പുരോഗമന കാഴ്ചപ്പാടെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറത്തെ ചുവപ്പിക്കുമെന്ന് ആണയിട്ടു പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണോ? പ്രവാചകന്റെ നൂറ്റാണ്ടിനെ പ്രാകൃതനൂറ്റാണ്ടെന്ന വിശേഷണം നല്‍കിയ അനുഭവം മറ്റൊരു സി.പി.എം നേതാവില്‍നിന്ന് മുന്‍പുമുണ്ടായിട്ടുണ്ട്. മലപ്പുറം, മുസ്‌ലിം, മുസ്‌ലിം ഐഡന്റിറ്റി, പ്രവാചക നൂറ്റാണ്ട് തുടങ്ങിയ കാര്യങ്ങളെകുറിച്ചെല്ലാം വിയോജിക്കാനുള്ള സ്വാതന്ത്ര്യം സി.പി.എമ്മിനുണ്ട്. സമുദായം അതിനെ സ്വാഗതം ചെയ്യും. സമുദായത്തിലെ തട്ടമിട്ട വിദ്യാസമ്പന്നരായ ഇളംതലമുറ തന്നെ ഇതിനെ സുന്ദരമായി നേരിടും. പക്ഷെ, അക്കാര്യം തുറന്നുപറയാനുള്ള ധീരത സി.പി.എം കാണിക്കണമെന്നും പി. മുജീബുറഹ്‌മാന്‍ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍
തട്ടം വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ട് തന്നെയാണെന്ന് സിപിഎം നേതാവ് അഡ്വ. കെ അനില്‍കുമാര്‍ യുക്തിവാദി സംഘടനയുടെ പരിപാടിയില്‍ വെച്ച് പ്രസംഗിച്ചതിലൂടെ രണ്ട് കാര്യം പുറത്ത് വന്നിരിക്കുകയാണ്. മതരഹിത സമൂഹമാണ് സി.പി.എം ലക്ഷ്യം വെക്കുന്നത് എന്ന യാഥാര്‍ഥ്യം മറ നീക്കി പുറത്ത് വന്നുവെന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത്, യുക്തിവാദികളെക്കാള്‍ മുസ് ലിം സമുദായത്തെ, വിശിഷ്യാ മുസ്ലിം പെണ്‍കുട്ടികളെ മതവിരുദ്ധരാക്കാന്‍ പണിയെടുക്കുന്നത് സി .പി.എമ്മാണെന്നും അതിന്റെ ക്രെഡിറ്റ് യുക്തിവാദ സംഘടനകള്‍ക്ക് അവകാശപ്പെട്ടതല്ലെന്നു കൂടി വ്യക്തമാക്കുകയാണ്.
യുക്തിചിന്ത, ലിംഗസമത്വം, ജന്റര്‍ ഓഡിറ്റിംഗ്, ലിംഗാവബോധം എന്നിവ എത്ര വിമര്‍ശന വിധേയമായിട്ടും പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്ന് ഒഴിച്ച് നിര്‍ത്താന്‍ സാധ്യമാകാത്തതിന്റെ കാരണവും മറ്റൊന്നല്ല. മതരഹിത സമൂഹസൃഷ്ടിയാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നത് എന്നതുകൊണ്ടാണ് എല്ലാ ജനകീയ ചര്‍ച്ചകളെയും അട്ടിമറിച്ച് ഒന്നാമത്തെ കരടിലെ അതേ ആശയങ്ങള്‍ സാധാരണക്കാരന്റെ കണ്ണില്‍ പൊടിയിട്ടു കൊണ്ട് വീണ്ടും ഉള്‍പ്പെടുത്തിയത്.
മുസ്ലിം പെണ്‍കുട്ടികളുടെ തട്ടമഴിക്കാന്‍ മാത്രം കാണിക്കുന്ന ഈ ധൃതിക്ക് പിന്നില്‍ എന്താണ്? സി.പി.എം മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് സിഖ് സമുദായത്തിന്റെ മതചിഹ്നമായ തലപ്പാവ് മരണം വരെ അഴിച്ചില്ലയെന്നതും ഇതിനോട് ചേര്‍ത്ത് ചിന്തിക്കേണ്ടതുണ്ട്. സി.പി.എമ്മിന് മുസ്ലിം സമുദായത്തിന്റെ മതവിശ്വാസത്തോട് മാത്രമായിട്ട് എന്താണിത്ര പ്രശ്‌നമെന്ന് മുസ്ലിം സമുദായമെങ്കിലും ചിന്തിച്ചാല്‍ നല്ലത്. അഡ്വ.അനില്‍കുമാറിന്റെ പ്രസംഗം സംബന്ധിച്ച് മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ മാഷും പാര്‍ട്ടിയുടെയും സര്‍ക്കാറിന്റേയും നയം ഇത് തന്നെയാണോയെന്ന് തുറന്ന് പറയാന്‍ തയ്യാറാകണം.
ജി.ഐ.ഒ
സി.പി.എമ്മിന്റെ മുസ്ലിം വിരുദ്ധത ഒരിക്കല്‍കൂടി കെ അനില്‍കുമാറിലൂടെ പുറത്ത് വന്നു എന്നതില്‍ കവിഞ്ഞതൊന്നും തിരുവനന്തപുരത്തെ നാസ്തിക സമ്മേളനത്തില്‍ സംഭവിച്ചിട്ടില്ല. കേരളത്തിലെ മുസ്ലിം സമൂഹം പട്ടിണി കൂടാതെ കഴിയുന്നുണ്ടെങ്കില്‍ അത് അവരുടെ കഠിനാധ്വാനത്തിന്റെ മാത്രം ഫലമാണ്; അതല്ലാതെ ഇജങ അടങ്ങുന്ന ഇടതുപക്ഷ സര്‍ക്കാറുകള്‍ക്കടക്കം മാറി മാറി വന്ന ഒരു മുന്നണിയ്ക്കും മുസ്ലിമിന്റെ സാമൂഹ്യ പുരോഗതിയില്‍ പ്രത്യേകിച്ച് പങ്കൊന്നുമില്ല.
തട്ടമിട്ട പെണ്‍കുട്ടികളുടെ ആര്‍ജവത്തോട് ഇജങ ന് (ഇവിടത്തെ മുഖ്യധാരയ്ക്കും) ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ അസ്വസ്ഥത. നിങ്ങള്‍ കയ്യടക്കി വച്ച ഇടങ്ങളില്‍ ഞങ്ങളെ കാണുമ്പോഴുള്ള ആ അസ്വസ്ഥതയുടെ പേരാണ് ‘ഇസ്ലാമോഫോബിയ’
എസ്.ഐ.ഒ
മതമുപേക്ഷിച്ച് മനുഷ്യനാകുന്നതിലെ വംശീയ ബോധ്യങ്ങളാണ് ‘ എസന്‍സ്’ വേദിയില്‍ അനില്‍ കുമാര്‍ ഛര്‍ദിച്ചത്. തട്ടം ഊരി മാറ്റപ്പെടുന്നതാണ് ഇവര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ സാധ്യമാവുന്ന ‘പ്രബുദ്ധത’. അത് കൊണ്ടാണല്ലോ പ്രൊവിഡന്‍സ് സ്‌കൂളിലെ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ രാഷ്ട്രീയ ചോദ്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശേഷി കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു പോയത്. മുസ്ലിമത്വത്തോടും (muslimness) അതിന്റെ പ്രകടനങ്ങളോടുമുളള എതിര്‍പ്പ് തന്നെയാണ് ഇസ്ലാമോഫോബിയ.. സൗകര്യപ്പെടുന്ന സ്ഥലത്ത് ഇസ്ലാമോഫോബിയ ഛര്‍ദ്ദിക്കുന്നവര്‍ പൊതു മണ്ഡലത്തില്‍ നല്ല പിള്ള ചമയാന്‍ ഇനിയും വരുമല്ലോ.. മറക്കാതെ ഓര്‍ത്തിരിക്കും.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU