കോഴിക്കോട്: സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത നേതാവ് ഡോ. മുഹമ്മദ് ബഹാവുദ്ദീന്‍ നദ്‌വി രംഗത്ത്. ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സി.പി.എമ്മിന്റെ പുതിയ നിലപാടുകളെ വിമര്‍ശിച്ചത്. നിരീശ്വരത്വത്തിനു വേണ്ടി പ്രചാര വേല ചെയ്യണമെന്നാണ് കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വമെന്നും അതിനാല്‍ തന്നെ മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മത വിശ്വാസികളാകാമെന്നുമുള്ള പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പുതിയൊരു അടവുനയമായി മാത്രമേ വിലയിരുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യങ്ങളും ചുറ്റുപാടുകളും അപകടരഹിതമാണെന്ന് നാം വിധിയെഴുതരുത്. ജാതി-മതാതീത വിവാഹങ്ങളിലൂടെയും ലിവിങ് ടുഗെതറുകളിലൂടെയും പ്രണയ സംഗമങ്ങളിലൂടെയും പുതിയ മത രഹിത-യുക്തിവാദ തലമുറ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന നഗ്‌നമായ ഉഗ്രസത്യം വിശ്വാസികളാരും വിസ്മരിച്ചുകൂടെന്നും ഇതിനെതിരെ പണ്ഡിതരും നേതൃത്വവും ജാഗ്രതയോടെ നീങ്ങണമെന്നു തന്നെയാണ് വീണ്ടുമുണര്‍ത്താനുള്ളതെന്നും പറഞ്ഞാണ് നദ്‌വി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മത വിശ്വാസവും കമ്യൂണിസവും ഇരു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. രണ്ടും സംയോജിച്ചുള്ള പ്രയാണം അസാധ്യമാണെന്ന് അവരുടെ മാനിഫെസ്റ്റോ സുതരാം വ്യക്തമാക്കിയതാണ്. കാറല്‍ മാര്‍ക്സിന്റെയും ഫ്രെഡറിക് എംഗല്‍സിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കിയ വ്ലാഡിമിര്‍ ലെനിന്‍ തന്നെ വിശദീകരിച്ചത്, വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമാണ് കമ്യൂണിസത്തിന്റെ താത്വികമായ അടിസ്ഥാനം എന്നാണ്. നിരീശ്വരത്വം കമ്യൂണിസത്തിന്റെ അവിഭാജ്യഘടകമാണെന്നും അതിനാല്‍ മാര്‍ക്സിസ്റ്റുകള്‍ നിരീശ്വരത്വത്തിനു വേണ്ടി പ്രചാര വേല ചെയ്യണമെന്നും അയാള്‍ അര്‍ത്ഥശങ്കക്കിടം നല്‍കാതെ വിശദീകരിച്ചിട്ടുണ്ട്.
കമ്യൂണിസത്തിന്റെ അടിസ്ഥാന തത്വം ഇതായിരിക്കെ, മതവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് മത വിശ്വാസികളാകാമെന്നുമുള്ള കൊടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പുതിയൊരു അടവുനയമായി മാത്രമേ വിലയിരുത്താനാകൂ.
കമ്യൂണിസത്തിന്റെ ഭീതിദ പ്രതിഫലനങ്ങള്‍ സംബന്ധിച്ചു മുസ്‌ലിം മത സംഘടനകളും ഇതര വിശ്വാസീ വിഭാഗങ്ങളും കൃത്യമായ ബോധവത്കരണം നടത്തിക്കൊണ്ടിരിക്കുന്ന കാലിക സാഹചര്യം അതീജവിക്കാനുള്ള പോംവഴിമാത്രമാണ് സെക്രട്ടറിയുടെ പുതിയ പ്രസ്താവന. പാര്‍ട്ടി ഭാരവാഹികള്‍ ജാതി-മത സംഘടനകളില്‍ പ്രവര്‍ത്തിക്കരുതെന്നും ആരാധനാലയങ്ങളുടെ ഭാരവാഹിത്വം ഏറ്റെടുക്കരുതെന്നും മുന്‍പ് നിര്‍ദേശം നല്‍കിയതു ഇതേ സെക്രട്ടറി തന്നെയാണ്.
മുസ്‌ലിംകളുടെ പ്രീതിയും അനുഭാവവും നേടാന്‍ കമ്മ്യൂണിസ്റ്റുകള്‍ എക്കാലത്തും കെണി വലകള്‍ വിരിച്ചിട്ടുണ്ട്. അതില്‍ വീഴാതിരിക്കാനുള്ള മാര്‍ഗങ്ങളാണ് വിശ്വാസികള്‍ ആശ്രയിക്കേണ്ടത്. ഇതിനായി മത നേതൃത്വം കൃത്യമായ ജാഗരണ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യേണ്ടതുണ്ട്. റഷ്യന്‍ വിപ്ലവകാലത്തെ ലെനിന്‍ വാഗ്ദാനങ്ങളെ നാം മറന്നുകൂടാ. സാര്‍ ചക്രവര്‍ത്തിമാരുടെ കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ഉസ്മാന്‍ (റ)ന്റെ രക്തംപുരണ്ട ഖുര്‍ആന്‍ പിടിച്ചെടുത്ത് നിങ്ങളുടെ കൈവശം തിരിച്ചേല്‍പിക്കാമെന്നായിരുന്നു മുസ്ലിംകളോടുണ്ടായ വാഗ്ദാനം. ഇതുകേട്ട് അന്നവര്‍ കമ്മ്യൂണിസ്റ്റുകളോട് സഖ്യം ചേര്‍ന്നു.
വിപ്ലവം വിജയിച്ചതോടെ ആ നേതാക്കള്‍ മുസ്‌ലിംകളെ തിരസ്‌കരിച്ചു. വിശുദ്ധ ഗ്രന്ഥത്തെയും ആരാധനാലയങ്ങളെയും തമസ്‌കരിക്കുകയോ ഇസ്‌ലാമിക സാംസ്‌കാരിക കേന്ദ്രങ്ങളെ പാഴ്വസ്തുക്കളാക്കി മാറ്റുകയോ തകര്‍ക്കുകയോ ചെയ്തു.1917-ലെ ബോള്‍ഷെവിക്ക് വിപ്ലവകാലത്ത് കമ്യൂണിസ്റ്റുകള്‍ നിരവധിയാളുകളെ നിഷ്ഠുരമായി കൊലചെയ്തതിന്റെ രേഖകളുണ്ട്.
ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകളോടുള്ള മനുഷ്യത്വരഹിതവും പ്രാകൃതവും പൈശാചികവുമായ പീഡനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്നു കൊണ്ടിരിക്കുന്നു. പശ്ചിമ ബംഗാളില്‍ മുസ്‌ലിംകള്‍ അനുഭവിച്ച യാതനകളുടെ സാക്ഷ്യങ്ങള്‍ നേരിട്ടുകണ്ടതാണ്.
നിലവിലെ സാഹചര്യങ്ങളും ചുറ്റുപാടുകളും അപകടരഹിതമാണെന്ന് നാം വിധിയെഴുതരുത്. ജാതി-മതാതീത വിവാഹങ്ങളിലൂടെയും ലിവിങ് ടുഗെതറുകളിലൂടെയും പ്രണയ സംഗമങ്ങളിലൂടെയും പുതിയ മത രഹിത-യുക്തിവാദ തലമുറ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന നഗ്‌നമായ ഉഗ്രസത്യം വിശ്വാസികളാരും വിസ്മരിച്ചുകൂടാ. ചരിത്ര യാഥാര്‍ഥ്യങ്ങളെ കണ്ടില്ലെന്ന് നടിച്ച് മൂന്നോട്ടുപോയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങങ്ങളാണ് അഭിമുഖീകരിക്കേണ്ടി വരിക. പണ്ഡിതരും നേതൃത്വവും ജാഗ്രതയോടെ നീങ്ങണമെന്നു തന്നെയാണ് വീണ്ടുമുണര്‍ത്താനുള്ളത്.
📲വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0