Current Date

Search
Close this search box.
Search
Close this search box.

യു.പി സര്‍ക്കാര്‍ ഗുണ്ടാ ആക്റ്റ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നു: അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ഗുണ്ടാ നിയമത്തിലെ വ്യവസ്ഥകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണെന്ന് അലഹബാദ് ഹൈക്കോടതി കുറ്റപ്പെടുത്തി. ബാര്‍ ആന്‍ഡ് ബെഞ്ച് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ നടപടിയെന്ന നിലയില്‍ ഒരു വ്യക്തിയെ നഗരത്തില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് യു.പിയിലെ ഗുണ്ടാ നിയമം.

ഈ ഗുണ്ട പ്രവൃത്തി തടയല്‍ നിയമം പ്രയോഗിക്കുമ്പോള്‍ വിവിധ ജില്ലകളില്‍ ഏകരൂപത്തിലല്ല നടപ്പാക്കിയതെന്നാണ് ജസ്റ്റിസുമാരായ രാഹുല്‍ ചതുര്‍വേദി, മുഹമ്മദ് അസ്ഹര്‍ ഹുസൈന്‍ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ഓഗസ്റ്റ് 10-നാണ് കോടതി ഇങ്ങനെ നീരീക്ഷിച്ചത്. ഒക്ടോബര്‍ 31നകം ഗുണ്ടാ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഈ ഗുണ്ട നിയമപ്രകാരം തനിക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് ഗോവര്‍ദ്ധന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജൂണ്‍ 15ന് അലിഗഢിലെ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (ഫിനാന്‍സ് ആന്‍ഡ് റവന്യൂ) കോടതി ആണ് ഇയാള്‍ക്കെതിരെ ഒരു ക്രിമിനല്‍ കേസും പോലീസ് പരാതിയും ഉദ്ധരിച്ച് നോട്ടീസ് അയച്ചിരുന്നത്.

ഒരു വ്യക്തി സ്ഥിരം കുറ്റവാളിയോ സ്ഥിരമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സംഘത്തിന്റെ ഭാഗമോ ആണെങ്കില്‍ മാത്രമേ അവരെ ഗുണ്ട ആയി മുദ്രകുത്താന്‍ കഴിയൂ എന്നും വാദത്തിനിടെ കോടതി പറഞ്ഞു. ഒന്നോ രണ്ടോ നിസ്സാരമായ കുറ്റകൃത്യങ്ങള്‍ ഒരു വ്യക്തിയെ ‘ഗുണ്ട’ ആയി മുദ്രകുത്താന്‍ കാരണമല്ലെന്നും അതില്‍ കൂട്ടിച്ചേര്‍ത്തു.

”ഗുണ്ട’ എന്ന ഈ വിശേഷണം തന്നെ ചീത്തപ്പേരിന്റെ ഒരു ഭാണ്ഡം വഹിക്കുന്നു, എക്‌സിക്യൂട്ടീവ് അധികാരികള്‍ ഒരു വ്യക്തിയെ നിസ്സാരമായും നിരുത്തരവാദപരമായും ‘ഗുണ്ട’ എന്ന് മുദ്രകുത്തുന്നു,’ ജഡ്ജിമാര്‍ പറഞ്ഞു. ‘ഇത് അവന്റെ മുഴുവന്‍ ഭാവിയും പ്രശസ്തിയും ഇല്ലാതാക്കുമെന്നും അവന്റെ പേരിനും കുടുംബത്തിന്റെ പ്രശസ്തിക്കും പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുമെന്നും പറയാതെ വയ്യ. ഗോവര്‍ദ്ധനെതിരെയുള്ള നോട്ടീസ് ജില്ലാ അധികാരികളുടെ ‘അധികാര ദുര്‍വിനിയോഗം’ പ്രതിഫലിപ്പിക്കുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

Related Articles