Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിന് അല്‍ജസീറക്ക് വിലക്ക്

അലഹാബാദ്: ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നത് അല്‍ജസീറക്ക് വിലക്ക്. അലഹാബാദ് ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ വലിയ ‘ദോഷഫലങ്ങള്‍’ ഉണ്ടാകുമെന്ന് പറഞ്ഞാണ് കോടതിയുടെ വിലക്ക്. ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ‘India…Who Lit the Fuse?’ എന്നാണ് ഡോക്യുമെന്ററിയുടെ തലക്കെട്ട്. മുസ്ലിംകള്‍ക്കെതിരായി നടക്കുന്ന സംഘ്പരിവാര്‍, ഹിന്ദുത്വ ശക്തികളുടെ അതിക്രമങ്ങളെക്കുറിച്ചാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. ജൂണ്‍ മൂന്നിനാണ് ഖത്തര്‍ ആസ്ഥാനമായുള്ള അല്‍ജസീറ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഡോക്യുമെന്ററി പുറത്തുവിട്ടത്.

സുദീര്‍ കുമാര്‍ എന്നയാളാണ് ഡോക്യുമെന്ററി നിരോധിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഡോക്യുമെന്ററി രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ പൊരുത്തക്കേട് സൃഷ്ടിക്കുകയും രാജ്യത്തിന്റെ അഖണ്ഡതയെ ഭീഷണിപ്പെടുത്തുന്നതാണെന്നും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാനും അതുവഴി ഇന്ത്യന്‍ ഭരണകൂടത്തിന്റെ മതേതര ഘടനയെ നശിപ്പിക്കാനും ഈ ചിത്രം സാധ്യതയുണ്ടെന്നും കുമാര്‍ വാദിച്ചു.

ഇന്ത്യയിലെ മുസ്ലീം സമൂഹം ഭീതിയില്‍ കഴിയുന്നതായി ഇതില്‍ ചിത്രീകരിക്കുന്നുവെന്നും വിദ്വേഷം സൃഷ്ടിക്കുന്ന ‘വിനാശകരമായ ആഖ്യാനം’ ആണ് ഇതില്‍ അവതരിപ്പിക്കുന്നുവെന്നും അച്ചടി, സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകളില്‍ നിന്ന് താന്‍ മനസ്സിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഭരണഘടന അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന് ജസ്റ്റിസുമാരായ അശ്വനി കുമാര്‍ മിശ്ര, അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് പറഞ്ഞു. 1952ലെ സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം ഡോക്യുമെന്ററിയുടെ അനിയന്ത്രിതമായ പൊതു പ്രദര്‍ശനത്തിന് അല്‍ ജസീറയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും ജഡ്ജിമാര്‍ പറഞ്ഞു.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേസ് അടുത്ത ജൂലൈ ആറിന് പരിഗണിക്കും. അധികാരികള്‍ സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് നിയമപ്രകാരം ആവശ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുവരെ ചിത്രം സംപ്രേക്ഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഉറപ്പാക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു.

Related Articles