Current Date

Search
Close this search box.
Search
Close this search box.

സി.എ.എക്കെതിരായ ഹരജികളെല്ലാം ഒക്ടോബര്‍ 31ന് മൂന്നംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: 2019ലെ കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) ചോദ്യം ചെയ്യുന്ന ഹരജികളെല്ലാം ഒരുമിച്ച് പരിഗണിക്കാമെന്ന് സുപ്രീം കോടതി. നിയമത്തെ ചോദ്യം ചെയ്തുള്ള 220 ഹര്‍ജികള്‍ ഒക്ടോബര്‍ 31ന് കേസ് മൂന്നംഗ ബെഞ്ച് വാദം കേള്‍ക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചത്.

മാസങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത്, എസ്.രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന് മുന്നില്‍ എത്തിയത്. അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കുന്നത് എളുപ്പമാക്കുന്നതിന് സി.എ.എയെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ വിഭജിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.

കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു രൂപരേഖ വരയ്ക്കാനും ചീഫ് ജസ്റ്റിസ് ലളിത് കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള കക്ഷികളോട് ആവശ്യപ്പെട്ടു.

സി.എ.എയെ അസം നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസന്‍സുമായി (എന്‍.ആര്‍.സി) ബന്ധിപ്പിക്കുന്ന ഹര്‍ജികള്‍ അതിന്റേതായ വ്യത്യസ്ത വിഭാഗമായി പ്രത്യേകം കേള്‍ക്കണമെന്നും അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (എസ്.ജി) തയ്യാറാക്കേണ്ട വിഷയവുമായി ബന്ധപ്പെട്ട കേസുകളുടെ സമ്പൂര്‍ണ്ണ പട്ടികയ്ക്കായും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Related Articles