Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകള്‍ക്ക് മാത്രമായി ഖത്തറിലൊരു പള്ളി

ദോഹ: ഇമാമും മൗമൂമികളും കാര്യകര്‍ത്താക്കളുമെല്ലാം സ്ത്രീകള്‍ മാത്രമായിട്ടൊരു പള്ളി കഴിഞ്ഞയാഴ്ച ഖത്തറില്‍ തുറന്നു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലെ എജ്യുക്കേഷന്‍ സിറ്റിയുടെ ഹൃദയഭാഗത്താണ് ഔഖഫ് മന്ത്രാലയം സ്ത്രീകള്‍ക്ക് മാത്രമായി നിര്‍മ്മിച്ച പള്ളി തുറന്നുനല്‍കിയത്. വിശാലമായ 12 ചതുരശ്ര കിലോമീറ്റര്‍ കാമ്പസില്‍ ഒന്നിലധികം വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

‘പൊതുമണ്ഡലം മുസ്ലീം സ്ത്രീകളാല്‍ നിറഞ്ഞിരിക്കുന്നതായി നാം കാണുന്നു. എന്നാല്‍ ആത്മീയവും മതപരവുമായ വീക്ഷണകോണില്‍ നിന്ന് അവരുടെ സംയുക്ത ആവശ്യങ്ങള്‍ പരിഹരിക്കാന്‍ മുസ്ലീം സ്ത്രീകള്‍ക്ക് മാത്രമായി ഒരു സ്ഥലവുമില്ല.’

ഖത്തറില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള ഇത്തരത്തിലുള്ള ആദ്യ കേന്ദ്രമായ അല്‍-മുജാദില സെന്റര്‍ ആന്‍ഡ് മോസ്‌ക് ഫോര്‍ വിമന്‍ ഫോര്‍ എജ്യുക്കേഷന്‍ ഫെബ്രുവരി 4നാണ് പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ഷെയ്ഖ മൂസ ബിന്‍ത് നാസര്‍ ആണ് ഉദ്ഘാടനം ചെയ്തത്.

സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ മുഹമ്മദ് നബിയുടെ അടുത്തേക്ക് പോയ ഖൗല ബിന്‍ത് തലബയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മസ്ജിദ് നിര്‍മിച്ചത്. ഇവിടെ സന്ദര്‍ശിക്കാന്‍ കേന്ദ്രത്തിന് രജിസ്‌ട്രേഷന്‍ ആവശ്യമില്ല, പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി 8 വരെ തുറന്ന് പ്രവര്‍ത്തിക്കും.

അല്‍-മുജാദില കേന്ദ്രത്തില്‍ ക്ലാസ് മുറികള്‍, ലൈബ്രറി, സമ്മേളന ഹാള്‍, കഫേ, ഗാര്‍ഡന്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. അറബിയിലും ഇംഗ്ലീഷിലും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാന്‍ ഗൈഡുമാരെയും സജ്ജീകരിച്ചിരിക്കുന്നു. മാനസികാരോഗ്യം, പരസ്പര ബന്ധങ്ങള്‍, ഇസ്ലാമിക നിയമം, ചരിത്രം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ഇവിടെ ലഭ്യമാണ്.

 

 

 

 

 

Related Articles