Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിനെതിരായ തീവ്രവാദ ചാപ്പകുത്തലുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാമുക്കോയ

കോഴിക്കോട്: ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ തീവ്രവാദ-ഭീകരവാദ ചാപ്പകുത്തലുകള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച പ്രമുഖ മലയാള നടന്‍ മാമുക്കോയ. ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്ലിംകള്‍ നിരീക്ഷണവലയത്തിലാണ്.

മുസ്ലിംകള്‍ അങ്ങനെ ഒരു തീരുമാനമെടുത്ത് ഈ ലോകത്തെ നശിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണോ? തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ പ്രതിപക്ഷ മര്യാദ കാണിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണ്. പരസ്പരസ്നേഹത്തിലും സമാധാനത്തിലും ജീവിക്കാനും സമാധാനത്തില്‍ ജീവിപ്പിക്കാനുമായി പ്രാര്‍ത്ഥിക്കുന്ന മതമാണ് ഇസ്ലാം.-മാമുക്കോയ പറഞ്ഞു. ‘സഫാരി ടി.വി’ സംഘടിപ്പിച്ച പ്രത്യേക അഭിമുഖത്തിലാണ് മാമുക്കോയയുടെ തുറന്നുപറച്ചില്‍.

അബ്ദുന്നാസര്‍ മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുന്നു. അദ്ദേഹത്തെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മതവും സമുദായവും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയാനാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നത്. പിന്നീട് എങ്ങനെയാണ് തീവ്രവാദം വന്നത്? ഇവരെ ഒരു കോക്കസ് വലിച്ചുകൊണ്ടുപോകുകയാണ്. പല രാജ്യങ്ങളും സംഘടനകളും സമുദായങ്ങളും തമ്മിലുള്ള സ്പര്‍ധയുടെ ഭാഗമായാണ് ഇതൊക്കെ നടക്കുന്നത്. പണം കൊടുത്തും മറ്റുമൊക്കെ പലയാളുകളും ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

”ഒരു മുസ്ലിം മറ്റൊരാളെ കണ്ടാല്‍ ആദ്യം ചെയ്യുന്നത് ‘അസ്സലാമു അലൈക്കും’ എന്ന് സലാം കൊടുക്കുകയാണ്. ദൈവത്തിന്റെ സമാധാനം നിങ്ങളിലുണ്ടാകട്ടെ എന്നാണ് അതിനര്‍ത്ഥം. ഇത്ര വലിയ സന്ദേശം വഹിക്കുന്നവന്‍ എങ്ങനെ തീവ്രവാദിയാകും? ആരെ കൊല്ലും? ഏതു രാജ്യത്തെ നശിപ്പിക്കാന്‍ പോകും? പിന്നെ എങ്ങനെയാണ് ഇവര്‍ ഇസ്ലാം തീവ്രവാദമാണെന്നു പറയുക?”

മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരില്‍ പലയിടത്തും പിടിച്ചിട്ടതുകൊണ്ടാണ് തീവ്രവാദികളല്ലാത്തവര്‍ പലരും അങ്ങനെയാകുന്നതെന്നും മാമുക്കോയ വിമര്‍ശിച്ചു. ഇതിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലും മറ്റുള്ള വിരോധങ്ങളുമെല്ലാമാണുള്ളത്. ബിന്‍ലാദന്‍ അമേരിക്കയുമായി ശത്രുതയിലായി അവിടെപ്പോയി ബോംബിട്ടു. ഇത്രയും സമ്പന്നനായ, അംഗവൈകല്യമുള്ളൊരു വ്യക്തിയെ അതിനു പ്രേരിപ്പിച്ച ഘടകം എന്താണെന്ന് ചിന്തിക്കാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് ബിന്‍ലാദന്‍ ഇതു ചെയ്തു, അയാളെ അമേരിക്ക എന്തു ചെയ്തു, അയാള്‍ ചെയ്യാനുണ്ടായ കാരണമെന്താണ് എന്നെല്ലാം അന്വേഷിക്കണം. ഒറ്റയടിക്കങ്ങ് എതിര്‍ക്കുകയല്ല വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ഏതു തീവ്രവാദിയായാലും പിടിച്ചുകൊണ്ടുപോകുമ്പോള്‍ അവര്‍ക്കു പറയാനുള്ളതുകൂടി കേള്‍ക്കണം. അവന്‍ എങ്ങനെ തീവ്രവാദിയായി, എന്താണ് പ്രേരിപ്പിച്ചതെന്നെല്ലാം അറിയണം. തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാല്‍ ചോദ്യംചെയ്തു ശിക്ഷിക്കണം. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാല്‍ തൂക്കിക്കൊല്ലലാണ് ശിക്ഷ.

അബ്ദുന്നാസര്‍ മഅ്ദനി എത്രയോ വര്‍ഷങ്ങളായി തീവ്രവാദിയെന്നു പറഞ്ഞ് ജയിലില്‍ കിടക്കുകയാണ്. അയാളെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധിപ്പിച്ച് സമ്മതിക്കുകയാണെങ്കില്‍ ശിക്ഷിക്കണം. മഅ്ദനിയെയോ മഅ്ദനിയെ പിടിച്ചവരെയോ ന്യായീകരിക്കുകയല്ല ഞാന്‍. എത്രയോ വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള കേസാണിതെന്നും കുറ്റംചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണമെന്നും മാമുക്കോയ കൂട്ടിച്ചേര്‍ത്തു.

തീവ്രവാദിയും ഭീകരവാദിയുമാണെന്നു കണ്ടുപിടിച്ചാല്‍ അവനെ ചോദ്യംചെയ്യുകയും ശിക്ഷിക്കുകയും ചെയ്തുവിടണ്ടേ? അല്ലെങ്കില്‍ പരസ്യമായി വെടിവച്ച് കൊല്ലണം. എന്നാല്‍, ജയിലിലടച്ച അടുത്ത വര്‍ഷം കേള്‍ക്കുന്നത് അവര്‍ക്കു ചെലവായ കോടികളുടെ കണക്കാണ്. ഇത് ആരെ ബോധിപ്പിക്കാനാണ്! തടിയന്റവിടെ നസീറിനെ പിടിച്ച് എവിടെയൊക്കെയോ കൊണ്ടുപോയിയിട്ടു. എന്നിട്ട്, അവര്‍ക്ക് ചെലവായ കണക്ക് അവതരിപ്പിക്കുകയാണ്. വേറെ രാജ്യത്തുണ്ടോ ഇത്. തീവ്രവാദം രാജ്യദ്രോഹക്കുറ്റമാണ്. അതു തെളിഞ്ഞാല്‍ തൂക്കിക്കൊല്ലലാണ് ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles