Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ് ബാങ്കില്‍ സംഘര്‍ഷം രൂക്ഷം; ഇസ്രായേല്‍ അഞ്ച് ഫലസ്തീനികളെ വെടിവെച്ച് കൊന്നു

വെസ്റ്റ്ബാങ്ക്: സംഘര്‍ഷത്തിന് അയവില്ലാതെ അധിനിവിഷ്ട വെസ്റ്റ് ബാങ്ക്. വ്യാഴാഴ്ച പുലര്‍ച്ച ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡില്‍ അടക്കം ഇതുവരെയായി അഞ്ച് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മേഖലയില്‍ ഏതാനും ദിവസങ്ങളായി ഇരു വിഭാഗവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷമാണ് നിലനില്‍ക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ 27കാരനായ നഈം ജമാലും 26കാരനായ മുഹമ്മദ് അയ്മനുമടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടത് തങ്ങളുടെ രണ്ട് നേതാക്കളാണെന്ന് ഇസ്ലാമിക് ജിഹാദിന്റെ അല്‍-ഖുദ്സ് ബ്രിഗേഡിന്റെ ജെനിന്‍ ബറ്റാലിയന്‍ പറഞ്ഞു. തീവ്രവാദികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി ജെനിന്‍ ഏരിയയില്‍ നടത്തിയ റെയ്ഡിനിടെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ഇബ്നു സീന ആശുപത്രിയില്‍ നിന്ന് ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പിന്റെ തെരുവുകളിലൂടെ വിലാപയാത്രയായി കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫതഹും മറ്റ് പലസ്തീന്‍ വിഭാഗങ്ങളും വ്യാഴാഴ്ച ജെനിനില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 72 മണിക്കൂറിനിടെ ആകെ അഞ്ച് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നാല് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച നടന്ന മറ്റൊരു സംഭവത്തില്‍, ജെനിനടുത്തുള്ള യാബാദില്‍ നടത്തിയ റെയ്ഡിനിടെ ഇസ്രായേല്‍ സൈന്യം ഒരു ഫലസ്തീനിയെ വെടിവച്ചു കൊന്നതായി ഫലസ്തീന്‍ മെഡിക്കല്‍, സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 

Related Articles