Current Date

Search
Close this search box.
Search
Close this search box.

വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് 4 പ്രൊഫസര്‍മാരെ സസ്‌പെന്റ് ചെയ്ത് സര്‍വകലാശാല

ഡല്‍ഹി: കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നു എന്നാരോപിച്ച് നാല് പ്രൊഫസര്‍മാരെ സസ്‌പെന്റ് ചെയ്ത് ഡല്‍ഹിയിലെ സൗത്ത് ഏഷ്യന്‍ സര്‍വകലാശാല. ‘മാര്‍ക്സിസ്റ്റ് സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ച് ക്യാമ്പസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ഉണര്‍ത്തുന്നു’ എന്ന ആരോപണമാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

മാസ്റ്റേഴ്‌സ്, പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്കുള്ള പ്രതിമാസ സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെന്‍ഷന്‍. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തിനെ അടിച്ചമര്‍ത്താന്‍ പോലീസിനെ കൊണ്ടുവരാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തില്‍ ഈ നാല് പ്രൊഫസര്‍മാരും മറ്റ് ഒമ്പത് ഫാക്കല്‍റ്റി അംഗങ്ങളും പ്രതിഷേധിച്ചിരുന്നു.

സ്‌നേഹാശിഷ് ഭട്ടാചാര്യ (ഇക്കണോമിക്‌സ് ഫാക്കല്‍റ്റി), ശ്രീനിവാസ് ബുറ (നിയമപഠന വിഭാഗം), ഇര്‍ഫാനുള്ള ഫാറൂഖി (സാമൂഹിക ശാസ്ത്ര വിഭാഗം), രവികുമാര്‍ (സാമൂഹിക ശാസ്ത്ര വിഭാഗം) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജൂണ്‍ 16നാണ് സസ്‌പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്.

കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ‘അനുവാദമില്ലാതെ സ്റ്റേഷന്‍ പരിധി വിടരുതെന്നും ഓഫീസുകള്‍ ഒഴിയരുതെന്നും ഓഫീസ് കമ്പ്യൂട്ടറുകളും തിരിച്ചറിയല്‍ കാര്‍ഡുകളും തിരികെ നല്‍കരുതെന്നും അതത് ഡീന്‍മാരുടെ ഓഫീസുകളില്‍ ഹാജര്‍ രേഖപ്പെടുത്തരുതെന്നും’ നാല് ഫാക്കല്‍റ്റികളോട് സസ്‌പെന്‍ഷന്‍ കത്തില്‍ പറയുന്നു.

തങ്ങള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നോട്ടീസ് ‘ലക്ഷ്യമിട്ടുള്ളതും’ ‘നിയമവിരുദ്ധവും’ ആണെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഫാക്കല്‍റ്റി അംഗങ്ങള്‍ ആരോപിച്ചു. സസ്പെന്‍ഷന്‍ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ഇന്ത്യ, മാലിദ്വീപ്, നേപ്പാള്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവ ഉള്‍പ്പെടുന്ന സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജിയണല്‍ കോഓപ്പറേഷന്റെ (സാര്‍ക്ക്) എട്ട് അംഗങ്ങള്‍ സ്ഥാപിച്ച ഒരു അന്താരാഷ്ട്ര സര്‍വ്വകലാശാലയാണ് സൗത്ത് ഏഷ്യന്‍ സര്‍വകലാശാല.

Related Articles