Current Date

Search
Close this search box.
Search
Close this search box.

മസ്ജിദിന് തീ വെച്ച ബി.ജെ.പി നേതാവടക്കം നാല് പേര്‍ അറസ്റ്റില്‍

അല്‍വാര്‍: മുസ്ലിം പള്ളിക്ക് തീവെച്ച കേസില്‍ നാല് പേരെ പൊലിസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ അല്‍വാറിലെ ബഹദൂര്‍പൂരിലാണ് സംഭവം. അറസ്റ്റിലായവരില്‍ ബി.ജെ.പി നേതാവും ഉള്‍പ്പെടും. കഴിഞ്ഞ ദിവസമാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളിക്ക് സംഘ്പരിവാര്‍ ആക്രമികള്‍ തീയിട്ടത്.

143, 153എ, 295-എ, 427, 436, 504, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് 50 പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ (പ്രഥമവിവര റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എഫ്ഐആറില്‍ 14 പേരുകളുണ്ട്. രമണ്‍ ഗുലാത്തി, ഭാവിക് ജോഷി, രഘുവീര്‍ സൈനി, മനോഹര്‍ ലാല്‍ സൈനി, ഗിര്‍ധാരി ലാല്‍ ജോഷി, അവതാര്‍ സര്‍ദാര്‍, രത്തന്‍ സൈനി, ബാബുലാല്‍ സൈനി, ഖുസി ഗുര്‍ജാര്‍, ബ്രഹാം മുനി, സുഭാഷ്, കൈലാഷ്, പര്‍മോദ്, മനോഹര്‍ തുടങ്ങിയവരാണ് പ്രതികള്‍.

പ്രതികളിലൊരാളായ രമണ്‍ ഗുലാത്തി ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗം മാത്രമല്ല, ബിജെപി അല്‍വാര്‍ ഡിവിഷന്റെ മുന്‍ ഉപജില്ലാ അധ്യക്ഷന്‍ കൂടിയാണെന്ന് ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു.

ഏതാനും മാസങ്ങളായി അടച്ചിട്ടിരുന്ന മസ്ജിദ് ഉപയോഗശൂന്യമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അടുത്തിടെയാണ് അവിടെ പ്രാര്‍ത്ഥന പുനരാരംഭിച്ചത്. ജൂണ്‍ 20 ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ആക്രമി സംഘം പ്രദേശത്ത് തടിച്ചുകൂടുകയും മസ്ജിദിലേക്ക് അതിക്രമിച്ചു കയറി തീയിടുകയും പ്രാര്‍ത്ഥനാ പായകളും കര്‍ട്ടനുകളും നശിപ്പിക്കുകയുമായിരുന്നു. അക്രമികള്‍ കെട്ടിടത്തിന്റെ ചില്ലുകളും അടിച്ചു തകര്‍ത്തു.

ഗുലാത്തിയും മറ്റ് കൂട്ടുപ്രതികളും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതായും എഫ്ഐആര്‍ പറയുന്നു. കുറ്റാരോപിതര്‍ ‘ജയ് ശ്രീറാം’ എന്ന് വിളിക്കുന്നത് താന്‍ കേട്ടതായി നാട്ടുകാരനായ ജാവേദ് ഖാന്‍ പറഞ്ഞു. അവര്‍ മുസ്ലീങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ത്വരിതഗതിയിലാണ് പൊലിസ് അന്വേഷണം നടത്തിയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തിരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി സംഘ്പരിവാര്‍ വര്‍ഗീയ വികാരം ഇളക്കിവിടാന്‍ വേണ്ടിയാണോ ഇങ്ങിനെ ചെയ്തതെന്ന് സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വഖഫ് ഭൂമിയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.

Related Articles