Current Date

Search
Close this search box.
Search
Close this search box.

25 വര്‍ഷത്തെ അന്യായ തടങ്കല്‍; മഅ്ദനിയുടെ അറസ്റ്റിന്റെ നാള്‍വഴികള്‍

കോയമ്പത്തൂര്‍ സ്ഫേടനക്കേസ്,ബംഗളൂരു സ്ഫോടന പരമ്പര കേസ് എന്നിവയുമായി ബന്ധപ്പെട്ട് പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനി വിചാരണത്തടവുകാരനായി ജയിലിലും പുറത്തുമായി കഴിയാന്‍ തുടങ്ങിയിട്ട് 2023 മാര്‍ച്ച് 31ന് 25 വര്‍ഷം പൂര്‍ത്തിയായിരുന്നു. 9 വര്‍ഷം കോയമ്പത്തൂരിലും 9 വര്‍ഷം ബംഗളൂരുവിലും വിചാരണത്തടങ്കലില്‍ കഴിഞ്ഞു. അതിനിടെ മൂന്ന് വര്‍ഷം മാത്രമാണ് കേരളത്തിലുണ്ടായിരുന്നത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ 2023 ജൂലൈ 17ന് ജാമ്യം ലഭിച്ചതോടെ കഴിഞ്ഞ 9 വര്‍ഷമായുള്ള അന്യായ തടങ്കലിനാണ് താല്‍ക്കാലിക വിരാമമായത്.

1998 മാര്‍ച്ച് 31നാണ് എറണാകുളത്തെ കലൂരിലെ വസതിയില്‍ വെച്ച് മഅ്ദനിയെ കേരള പൊലിസ് ആദ്യമായി അറസ്റ്റു ചെയ്യുന്നത്. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പരിപാടിയില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തിന്റെ പേരിലായിരുന്നു ആദ്യത്തെ അറസ്റ്റ്. തുടര്‍ന്ന് കോഴിക്കോട് പോലീസ് കമ്മീഷണര്‍ ഓഫീസിലെ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂര്‍ ജയിലില്‍ അടച്ചു.

1998 ഫെബ്രുവരി 14ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ പങ്കുണ്ടെന്നാരാപിച്ച് 1998 ഏപ്രില്‍ നാലിന് അദ്ദേഹത്തെ കേരള പോലിസ് കോയമ്പത്തൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് മഅ്ദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു കേസെടുത്തത്. ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു ഇത്.

സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇതോടെ കോയമ്പത്തൂരില്‍ നിന്നും മഅ്ദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയില്‍ വാസത്തിനിടെ മറ്റ് നിരവധി കുറ്റങ്ങളും മഅ്ദനിയുടെ മേല്‍ ചുമത്തപ്പെട്ടു. 9 വര്‍ഷത്തെ വിചാരണത്തടവിനു ശേഷം 2007 ഓഗസ്റ്റ് 1-ന് ഈ കേസില്‍ കുറ്റക്കാരനല്ലെന്നു കണ്ട് പ്രത്യേക കോടതി മഅദനിയെ നിരപരാധിയെന്നു പറഞ്ഞു വെറുതെ വിട്ടു.

2008ലെ ബംഗളൂരു സ്ഫോടന പരമ്പര കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് 2010 ആഗസ്റ്റ് 17 നു അദ്ദേഹത്തെ വീണ്ടും അറസ്റ്റു. തുടര്‍ന്ന് മൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം വീണ്ടും വിചാരണതടവുകാരനെന്ന പേരില്‍ ജയിലറക്കുള്ളിലായി. ഇത്തവണ കര്‍ണാടക പൊലിസ് ആയിരുന്നു അറസ്റ്റു ചെയ്തത്. ബംഗളൂരു സ്ഫോടനക്കേസിലെ പ്രതികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തിനെതിരെ കേസ് എടുത്തത്.

ബംഗളുരു സഫോടന പരമ്പരക്കു പുറമെ അഹമദാബാദ് ബോംബ് സ്‌ഫോടനത്തിലും മഅ്ദനിക്കെതിരെ കുറ്റം ചാര്‍ത്തി. ആ കേസില്‍ തടിയന്റവിട നസീര്‍ പിടിയിലായതോടെയാണ് കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ 31ാം പ്രതിയായി ഉള്‍പ്പെടുത്തിയത്. ഗൂഢാലോചനയില്‍ പങ്കുചേര്‍ന്നെന്നും രണ്ട് പ്രതികള്‍ക്ക് അഭയം നല്‍കിയെന്നുമായിരുന്നു കുറ്റാരോപണം. ഇത്തവണ പരപ്പന അഗ്രഹാര ജയിലിലായിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചത്.

2011ല്‍ കര്‍ണാടക ഹൈകോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്‌ഫോടനവുമായി ബന്ധമുള്ളതിന് നേരിട്ടുള്ള തെളിവുകള്‍ കര്‍ണാടക പോലീസിനു ഇതുവരെ ഹാജരാക്കാനായില്ല. ഇക്കാര്യം കര്‍ണാടക ഹൈകോടതി വിധിപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യം നല്‍കുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പരിഗണിച്ചായിരുന്നു ജാമ്യം നിരസിച്ചത്.

പിന്നീട് 2014 ജൂലൈ 14 മുതലാണ് ബംഗളൂരു വിട്ടുപോകരുതെന്ന കര്‍ശന വ്യവസ്ഥയോടെ സുപ്രീം കോടതി മഅ്്ദനിക്ക് ജാമ്യം അനുവദിക്കുന്നത്. തടര്‍ന്ന് നാല് വര്‍ഷം പരപ്പന അഗ്രഹാര ജയിലിലും 9 വര്‍ഷമായി ബംഗളൂരുവിലെ വസതിയില്‍ വാചാരണ തടവുകാരനായി കഴിയുകയായിരുന്നു മഅ്ദനി.

കഴിഞ്ഞ 25 വര്‍ഷമായി അന്യായമായി തടങ്കലില്‍ കഴിയുന്ന അദ്ദഹം നിലവില്‍ ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ട് തീര്‍ത്തും അവശനാണ്. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവും അനുഭവപ്പെട്ട് ആരോഗ്യനില നേരത്തെ തന്നെ ഏറെ വഷളായിരുന്നു. ജയില്‍ കാലയളവില്‍ മഅ്ദനിക്ക് മതിയായ ചികിത്സ നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.

Related Articles