Current Date

Search
Close this search box.
Search
Close this search box.

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് 11കാരനെ വിവസ്ത്രനാക്കി മര്‍ദിച്ചു

ഇന്‍ഡോര്‍: ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് 11കാരനായ ബാലനെ വിവസ്ത്രനാക്കി ഹിന്ദുത്വ സംഘത്തിന്റെ മര്‍ദനം. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം ആണ് സംഭവം. 11കാരനായ മുസ്ലീം ബാലനെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. കളിപ്പാട്ടങ്ങള്‍ വാങ്ങാനെന്ന വ്യാജേന പ്രതികള്‍ കുട്ടിയെ നഗരത്തിലെ നിപാനിയയിലെ കുളത്തിനടുത്തേക്ക് കൊണ്ടുപോയിട്ടായിരുന്നു മര്‍ദനം.

ജയ് ശ്രീറാം,’ ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’, ‘പാകിസ്ഥാന്‍ മൂര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ നിര്‍ബന്ധിപ്പിക്കപ്പെട്ട ബാലന്റെ വസ്ത്രം ഉരിയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കുട്ടി ഇവിടുന്ന് രക്ഷപ്പെടുകയും തുടര്‍ന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

11 വയസുകാരന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. രക്ഷിതാക്കളുടെ ജാമ്യാപേക്ഷയെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്തയാളും കുറ്റകൃത്യം ചെയ്ത പ്രതികളും ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെന്നും അവരുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണെന്നും ഇന്‍ഡോര്‍ പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുതെന്നും പോലീസ് പ്രസ്താവനയില്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related Articles