Current Date

Search
Close this search box.
Search
Close this search box.

മുസ്ലിംകളെ ലക്ഷ്യമിട്ട് ബാല വിവാഹത്തിന്റെ പേരില്‍ അസമില്‍ അറസ്റ്റ് ചെയ്തത് 1039 പേരെ

ഗുവാഹത്തി: ബാലവിവാഹവുമായി ബന്ധപ്പെട്ട് അസം സര്‍ക്കാര്‍ വൃത്തങ്ങള്‍ നടത്തുന്ന ഡ്രൈവിന്റെ ഭാഗമായി ഇതുവരെ 1039 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിംകളാണ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ട്വിറ്ററിലൂടെ കണക്ക് പുറത്തുവിട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ഇത്തരത്തിലുള്ള ആദ്യത്തെ ഡ്രൈവില്‍ 3,907 പേര്‍ അറസ്റ്റിലായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടആളുകളുടെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മുസ്ലിംകളെ ലക്ഷ്യമിട്ടാണെന്ന് വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ശൈശവ വിവാഹവും ചെറുപ്രായത്തില്‍ നടത്തുന്ന നേരത്തെയുള്ള വിവാഹവും നടത്തുന്ന സംസ്ഥാനത്തെ നാമമാത്ര മുസ്ലീം വിഭാഗങ്ങളെയും ഗോത്രവര്‍ഗ്ഗക്കാരെയുമാണ് ഇത് ലക്ഷ്യമിടുന്നതെന്നാണ് പ്രധാന വിമര്‍ശനം.

ശൈശവ വിവാഹത്തിനെതിരായ നീക്കത്തിനൊപ്പം ബഹുഭാര്യത്വവും അവസാനിപ്പിക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എല്ലാ വിഭാഗവുമായും കൂടിയാലോചിച്ച ശേഷം, ബഹുഭാര്യത്വ വിരുദ്ധ നിയമത്തിന്റെ കരട് തയ്യാറാക്കാന്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സര്‍ക്കാര്‍ മൂന്നംഗ പാനലിന് രൂപം നല്‍കിയിരുന്നു. 2023 അവസാനത്തോടെ ഈ നിയമം നടപ്പാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ കുടുംബാരോഗ്യ സര്‍വേ അനുസരിച്ച്, അസമിലെ 32% സ്ത്രീകളും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിക്കുന്നുണ്ട്. ഇത് ദേശീയ ശരാശരിയായ 23 ശതമാനത്തേക്കാള്‍ കൂടുതലാണ്. ശൈശവ വിവാഹങ്ങളുടെ ഫലമായുണ്ടാകുന്ന കൗമാര ഗര്‍ഭധാരണങ്ങളില്‍ 16.8% അസമില്‍ ആണെന്ന് ഫെബ്രുവരി മൂന്നിന് ശര്‍മ്മ ആരോപിച്ചിരുന്നു.

Related Articles