Current Date

Search
Close this search box.
Search
Close this search box.

ഹൂഥികള്‍ മക്കയുടെ പവിത്രത മാനിക്കാത്തവര്‍; സൗദി വിദേശകാര്യ മന്ത്രി

മക്ക: മക്കക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ട ഹൂഥി സായുധ ഗ്രൂപ്പിന്റെ നടപടിക്കെതിരെ അപലപിക്കല്‍ തുടരുന്നു. വ്യാഴാഴ്ച്ച ഹൂഥികളുടെ ഭാഗത്തു നിന്നുണ്ടായ ആക്രമണ ശ്രമം സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യം ഇടപെട്ട് പരാജയപ്പെടുത്തുകയും തുടര്‍ന്ന് ഹൂഥികളുടെ സഅദയിലെ വിക്ഷേപണ കേന്ദ്രം ബോംബിട്ട് തകര്‍ക്കുകയും ചെയ്തിരുന്നു.
ഇസ്‌ലാമിന്റെ കേന്ദ്രവും ലോക മുസ്‌ലിംകളുടെ ഖിബ്‌ലയുമായ വിശുദ്ധ നാടിനെ ലക്ഷ്യം വെച്ച ഹൂഥി – സാലിഹ് സംഘം അതിനോടുള്ള ബന്ധമോ ബാധ്യതയോ പരിഗണിച്ചിട്ടില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. അതേസമയം, വിശുദ്ധ മക്കയെ ലക്ഷ്യം വെച്ചതിലൂടെ പ്രാദേശികമായ ഒരു യുദ്ധത്തിനുള്ള ശ്രമമാണ് ഹൂഥികളും അലി അബ്ദുല്ല സാലിഹിന്റെ സൈനികരും നടത്തുന്നതെന്ന് യമന്‍ വിദേശകാര്യ മന്ത്രി അബ്ദുല്‍ മലിക് അല്‍മഖ്‌ലാഫിയും പറഞ്ഞു. യമനെയും അതിന്റെ സഹോദര രാഷ്ട്രങ്ങളെയും തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഇറാന്റെ ഉപകരണങ്ങളാണ് യമനിലെ സായുധ ഗ്രൂപ്പുകള്‍ എന്ന് തെളിയിക്കുന്നതാണ് മക്കയെ ലക്ഷ്യമാക്കിയുള്ള ഈ ആക്രമണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സൗദി മുസ്‌ലിം പണ്ഡിതവേദിയും ആക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ഹറമുകളെ ലക്ഷ്യം വെക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും യമനിലെ ഹൂഥികളില്‍ നിന്നും മുളച്ച സ്വഫവികളുടെ പുതിയ ലക്ഷ്യം എന്താണെന്ന് തെളിയിക്കുന്നതുമാണ് അതെന്ന് പണ്ഡിതവേദി അഭിപ്രായപ്പെട്ടു. ഹൂഥി നടപടിയെ ജി.സി.സിയും നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. വഹ്‌യ് അവതീര്‍ണമായ, ഒന്നര ബില്യണില്‍ പരം മുസ്‌ലിംകളുടെ ഖിബ്‌ലയുമായ വിശുദ്ധ നാടിന്റെ പവിത്രതക്ക് നേരെയുള്ള നീചമായ ഈ ആക്രമണം മുസ്‌ലിം മനസ്സുകളെ വേദനിപ്പിക്കുന്നതും അതിന്റെ പവിത്രത മാനിക്കാത്തതുമാണെന്ന് ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ലതീഫ് സബാനി അപലപിച്ചു കൊണ്ടുള്ള പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തര്‍, ബഹ്‌റൈന്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളും ഹൂഥി ആക്രമണത്തെ അപലപിച്ചിട്ടുണ്ട്.

Related Articles