Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ശക്തികളുടെ പ്രതിഷേധത്തിനിടെ ഗുഡ്ഗാവില്‍ ജുമുഅ നമസ്‌കാരം നടത്തി

ന്യൂഡല്‍ഹി: ഹിന്ദുത്വശക്തികളുടെ ഭീഷണികള്‍ക്കിടെ ഹരിയാനയിലെ ഗുഡ്ഗാവില്‍ തുറസ്സായ സ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ വെള്ളിയാഴ്ച ജുമുഅ നടത്തി. ഗുഡ്ഗാവില്‍ മുസ്‌ലിം പള്ളികളുടെ കുറവ് മൂലം തുറസ്സായ സ്ഥലങ്ങളിലാണ് സാധാരണ ജുമുഅ നടക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ മാസം ഇത്തരം ജുമുഅകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

അതിനെത്തുടര്‍ന്ന് ഈ വെള്ളിയാഴ്ച മുതല്‍ ജുമുഅകളുടെ എണ്ണം 47 കേന്ദ്രങ്ങളിലായി ചുരുക്കിയിരുന്നു. ഇതില്‍ 23 എണ്ണം മൈതാനങ്ങളാണ്. ഇവിടങ്ങളില്‍ കനത്ത പൊലിസ് സുരക്ഷയോടെ ഇന്ന് ജുമുഅ ഖുതുബയും നമസ്‌കാരവും നടന്നു. ഇതിനായി 76 മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥരെ മേല്‍നോട്ടത്തിനായി ചുതലപ്പെടുത്തിയിരുന്നു. ജുമുഅ നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങള്‍ കൈമാറണമെന്ന് നേരത്തെ സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം മുസ്ലിംകളോട് അറിയിച്ചിരുന്നു. തുടര്‍ന്ന് 13 സ്ഥലങ്ങളിലാണ് ഇന്ന് സുരക്ഷ ഒരുക്കിയത്.

അഞ്ച് സ്ഥലങ്ങളില്‍ മാത്രമേ പൊതു ഇടങ്ങളില്‍ നമസ്‌കാരത്തിന് അനുമതി നല്‍കാവൂ, ജുമുഅ നടക്കുന്നതിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ അമ്പലങ്ങള്‍ പാടില്ല എന്നീ നിര്‍ദേശങ്ങളാണ് കഴിഞ്ഞ ചൊവ്വാഴ്ച ഹിന്ദു സംഘര്‍ഷ് സമിതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. ജില്ലാ ഭരണകൂടം ഇത്തരം നമസ്‌കാരങ്ങള്‍ നിരോധിക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ തങ്ങള്‍ ജുമുഅ തടയുമെന്നും സംഘം പരസ്യ പ്രഖ്യാപനം നടത്തിയിരുന്നു. തുടര്‍ന്നാണ് പൊലിസ് സുരക്ഷ ഒരുക്കിയത്. അതേസമയം, തുറസ്സായ സ്ഥലങ്ങളിലുള്ള നമസ്‌കാരത്തിന് പിന്തുണയുമായി ഗുരുഗ്രാമിലെ ഒരു കൂട്ടം ഹിന്ദുക്കള്‍ രംഗത്തു വന്നിരുന്നു.

തുറസ്സായ സ്ഥലങ്ങളില്‍ പരസ്യമായി നമസ്‌കരിക്കുന്നതിനെതിരെ കഴിഞ്ഞ ഏപ്രില്‍ 26നാണ് സംയുക്ത് ഹിന്ദു സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ ആദ്യമായി പ്രതിഷേധ റാലി സംഘടിപ്പിച്ചത്. കഴിഞ്ഞ മാസം 27ന് ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടര്‍ 53ല്‍ വെച്ച് ജുമുഅ നമസ്‌കരിച്ചവരെ ആറു പേര്‍ തടസപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലിസ് കേസെടുത്തിരുന്നു.

 

Related Articles