Current Date

Search
Close this search box.
Search
Close this search box.

ഹാജിമാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല: ശൈഖ് സുദൈസ്

മക്ക: ഇരു ഹറമുകളുടെയും ഹജ്ജ്, ഉംറ തീര്‍ഥാടകരുടെയും സുരക്ഷ ലംഘിക്കാനാവാത്ത ‘ചുവപ്പുരേഖ’യാണെന്ന് മക്കയിലെയും മദീനയിലെയും വിശുദ്ധ മസ്ജിദുകളുടെ പൊതുചുമതല വഹിക്കുന്ന ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അസ്സുദൈസ്. ഹിജ്‌റ വര്‍ഷം 1438ലെ ഹജ്ജിനായി മക്കയിലെയും മദീനയിലെയും ഹറമുകളില്‍ നടത്തുന്ന ഒരുക്കങ്ങളെ സംബന്ധിച്ച് സൗദി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. ഇരു ഹറമുകളും ആരാധനകളുടെയും ഏകദൈവവിശ്വാസത്തിന്റെയും ശരിയായ രീതിയിലുള്ള കര്‍മങ്ങളുടെയും ഇടമാക്കി മാറ്റുന്നതിന് സൗദി ഭരണകൂടം അതിന്റെ ഒന്നാം നാള്‍ മുതല്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇരു ഹറമുകളുടെയും ഹജ്ജിനും ഉംറക്കും അവിടെയത്തുന്ന തീര്‍ഥാടകരുടെയും സുരക്ഷ ലംഘിക്കാനാവാത്ത ചുവപ്പുരേഖയാണ്. ഹജ്ജിന്റെ വിശുദ്ധിക്ക് മങ്ങലേല്‍പിക്കുന്ന പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ ഒരാളെയും അനുവദിക്കുകയില്ല. ആരെയും ഒഴിച്ചു നിര്‍ത്താതെ മുഴുവന്‍ തീര്‍ഥാടകരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുകയാണ്. അവര്‍ക്കാവശ്യമായ സേവനങ്ങളും സുഗമമായും എളുപ്പത്തിലും കര്‍മങ്ങള്‍ ചെയ്യാന്‍ വേണ്ട സഹായങ്ങളും രാജ്യം അവര്‍ക്ക് ചെയ്യുന്നുണ്ടെന്നും സുദൈസ് പറഞ്ഞു.
ഗള്‍ഫ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഖത്തറില്‍ നിന്നുള്ള ഹാജിമാര്‍ക്ക് മുമ്പില്‍ സൗദി ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ഖത്തര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഖത്തറിന്റെ ഈ ആരോപണം നിഷേധിച്ച സൗദി ഖത്തറില്‍ നിന്നുള്ള ഹാജിമാരെ സ്വാഗതം ചെയ്തിട്ടുണ്ട്. ഇരുഹറമുകള്‍ക്കും അവിടെ എത്തുന്നവര്‍ക്കുമുള്ള സ്ഥാനം തിരിച്ചറിയാനും ദൈവഭക്തിയോടെ പ്രവര്‍ത്തിക്കാനും മുസ്‌ലിംകളോട് സുദൈസ് ആഹ്വാനം ചെയ്തു. അല്ലാഹുവിന്റെ അതിഥികളായെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനായി പതിനായിരത്തിലേറെ യോഗ്യരായ ഉദ്യോഗസ്ഥരെ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles