Current Date

Search
Close this search box.
Search
Close this search box.

ഹമാസ് ഗസ്സയിലെ മറ്റ് ഫലസ്തീന്‍ ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച്ച നടത്തി

ഗസ്സ: ഗസ്സയിലെ വിവിധ ഗ്രൂപ്പ് നേതാക്കളുമായും ഗസ്സ നിയമനിര്‍മാണ സഭാംഗങ്ങളുമായും ഹമാസ് വിപുലമായ കൂടിക്കാഴ്ച്ച സംഘടിപ്പിച്ചു. ഫതഹ് പാര്‍ട്ടിയുമായി ഹമാസ് കെയ്‌റോയില്‍ വെച്ചുണ്ടാക്കിയ ധാരണകളും ഭരണസമിതി പിരിച്ചുവിടാനുള്ള ഹമാസിന്റെ തീരുമാനവും അറിയിക്കലായിരുന്നു കൂടിക്കാഴ്ച്ചയുടെ പ്രധാന ലക്ഷ്യം. ഹമാസ് രാഷ്ട്രീയ സമിതി അധ്യക്ഷന്‍ ഇസ്മാഈല്‍ ഹനിയ്യ, ഗസ്സയിലെ ഹമാസ് പ്രസിഡന്റ് യഹ്‌യ  സിന്‍വാര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.
ഫലസ്തീന്‍ അനുരഞ്ജനവുമായി ബന്ധപ്പെട്ട് കെയ്‌റോയില്‍ നടന്ന ചര്‍ച്ചകളുടെ മുഴുവന്‍ വിശദാംശങ്ങളും ഹമാസിന്റെ നിലപാടും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തവരെ അറിയിച്ചിട്ടുണ്ടെന്ന് സംഘടനയുടെ വക്താവ് ഫൗസി ബര്‍ഹൂം പറഞ്ഞു. ദേശീയ ഐക്യത്തിനും അനുരഞ്ജനത്തിനുമുള്ള ഹമാസിന്റെ താല്‍പര്യത്തിന്റെ അടയാളമാണിതെന്നും അദ്ദേഹം പറഞ്ഞു. ഐക്യസര്‍ക്കാറിന്റെ അടുത്ത യോഗം ഗസ്സയില്‍ ചേരാനുള്ള തീരുമാനത്തെ ഹമാസ് സ്വാഗതം ചെയ്തിട്ടുണ്ട്.
ഗസ്സയിലെ ഭരണപരമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ലയും മന്ത്രിമാരും ഗസ്സയിലെത്തുമെന്ന് ഐക്യസര്‍ക്കാര്‍ വക്താവ് യൂസുഫ് മഹ്മൂദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത തിങ്കളാഴ്ച്ച ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളുടെയും അകമ്പടിയോടെ ഗസ്സയില്‍ പോകുമെന്ന് റാമി ഹംദല്ല തന്റെ ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചിട്ടുണ്ട്. മുഴുവന്‍ ഫലസ്തീന്‍ ഗ്രൂപ്പുകളോടും അനുരഞ്ജനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഫലസ്തീനികള്‍ക്ക് ഗുണകരമായ രീതില്‍ പ്രവര്‍ത്തിക്കുന്നതിന് ഭരണകൂടത്തെ ശക്തിപ്പെടുത്താനും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles