Current Date

Search
Close this search box.
Search
Close this search box.

ഹമാസിനെ രക്ഷാസമിതിയുടെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തണം: വാഷിംഗ്ടണ്‍

ന്യൂയോര്‍ക്ക്: ഹമാസിനെ അപലപിച്ചും ഭീകരപട്ടികയില്‍ ചേര്‍ത്തും പ്രമേയമിറക്കാന്‍ വാഷിംഗ്ടണ്‍ യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. രക്ഷാസമിതി ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിനിടെയാണ് രക്ഷാസമിതിയിലെ അമേരിക്കന്‍ സ്ഥിരാംഗം നിക്കി ഹാലി ഇക്കാര്യം ഉന്നയിച്ചത്. ഹമാസിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ട യു.എസ് പ്രതിനിധി അവര്‍ക്ക് സഹായം നല്‍കുന്ന എല്ലാ രാജ്യങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഗസ്സ നിവാസികള്‍ക്ക് മേല്‍ ഹമാസ് നടമാടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നാം കൂടുതല്‍ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. അതിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി രക്ഷാസമിതി പ്രമേയം ഇറക്കേണ്ടതുണ്ട്. അതിന് സഹായം നല്‍കുന്നവര്‍ക്കും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാവണം. ഹമാസ് അതിന്റെ സൈനിക സംവിധാനം ആശുപത്രികള്‍ക്ക് കീഴില്‍ മറച്ചുവെച്ചിരിക്കുകയാണ്. സിവിലിയന്‍മാര്‍ക്കെതിരെ ആക്രമണം നടത്താന്‍ അത് ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ഇസ്രയേല്‍ ഒരിക്കലും ഗസ്സക്ക് പ്രയാസങ്ങളുണ്ടാക്കിയിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഗസ്സയില്‍ ഒരൊറ്റ ഇസ്രയേല്‍ കുടിയേറ്റക്കാരനും ഇല്ല. ഗസ്സയിലെ ഫലസ്തീനികള്‍ (പത്തിലേറെ വര്‍ഷമായി ഉപരോധിക്കപ്പെട്ടിരിക്കുന്ന) അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സ്വീകരിക്കുന്നത് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഹമാസ് സല്‍ഭരണം നടത്താനും സമാധാനമുണ്ടാക്കുന്നതിനും ഉപയോഗിക്കുന്നതിന് പകരം മുഴുവന്‍ വിഭവങ്ങളും ഭീകരതക്ക് വേണ്ടി നീക്കിവെച്ചിരിക്കുകയാണ്. എന്നും ഹാലി ആരോപിച്ചു.
അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം 1997ല്‍ ഹമാസിനെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം റിയാദില്‍ നടന്ന ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹമാസിനെ ഐഎസ്, അല്‍ഖാഇദ പോലുള്ള ഭീകരസംഘടനകളുടെ കൂട്ടത്തിലാണെന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. അമേരിക്കയുടെ ഇസ്രയേല്‍ ചായ്‌വ് പ്രകടമാക്കുന്നതാണ് ട്രംപിന്റെ പ്രസ്താവനയെന്ന് ഹമാസ് നേതൃത്വം അതിനോട് പ്രതികരിച്ചിരുന്നു.

Related Articles