Current Date

Search
Close this search box.
Search
Close this search box.

സൗദി അടക്കമുള്ള നാല് അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചു

ദോഹ: സൗദി അറേബ്യ, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചതായി തിങ്കളാഴ്ച്ച രാവിലെ പ്രഖ്യാപിച്ചു. ഈ രാജ്യങ്ങള്‍ ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ദോഹയുമായുള്ള വ്യോമ, കര, സമുദ്ര മാര്‍ഗങ്ങള്‍ അടക്കുകയും ചെയതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചതായി സൗദി വൃത്തത്തെ ഉദ്ധരിച്ച് റിപോര്‍ട്ട് വ്യക്തമാക്കി. അതിനൊപ്പം തന്നെ കര, സമുദ്ര, വ്യോമ പാതകള്‍ അടക്കുകയും സൗദിയുടെ കര-വ്യോമ-ജല അതിര്‍ത്തിയില്‍ മുറിച്ചു കടക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര നിയമം ഉറപ്പുനല്‍കുന്ന പരമാധികാരത്തിനുള്ള രാജ്യത്തിന്റെ അവകാശം ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായും തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വെല്ലുവിളികളില്‍ നിന്ന് ദേശത്തെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്നും സൗദി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപോര്‍ട്ട് സൂചിപ്പിച്ചു. സൗദി നേതൃത്വത്തിലുള്‌ല യമനില്‍ പോരാടുന്ന അറബ് സഖ്യത്തിലെ ഖത്തറിന്റെ പങ്കാളിത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും റിപോര്‍ട്ട് പറഞ്ഞു.
ബഹ്‌റൈന്‍ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത് തങ്ങളുടെ രാജ്യത്തെ സുസ്ഥിരതക്ക് ഖത്തര്‍ കോട്ടം വരുത്തുന്നു എന്നാരോപിച്ചാണ്. ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ച് ബഹ്‌റൈനിലേക്കുള്ളമുള്ള വ്യോമ-സമുദ്ര മാര്‍ഗങ്ങള്‍ അടക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബഹ്‌റൈന്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. തങ്ങളുടെ പൗരന്‍മാര്‍ ഖത്തറിലേക്ക് പോകുന്നതിനും അവിടെ താമസിക്കുന്നതിനും ബഹ്‌റൈന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. അപ്രകാരം ഖത്തര്‍ പൗരന്‍മാരെ തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാനോ അതിലൂടെ യാത്ര ചെയ്യാനോ അനുവദിക്കില്ലെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. ഖത്തറില്‍ നിന്ന് വന്ന് താമസമാക്കിയവര്‍ക്കും സന്ദര്‍ശകര്‍ക്കും രാജ്യം വിട്ടുപോകാന്‍ 14 ദിവസത്തെ സാവകാശമാണ് അനുവദിച്ചിരിക്കുന്നത്.
പ്രദേശത്തിന്റെ സമാധാനത്തിന് തുരങ്കം വെക്കുന്നു എന്നാരോപിച്ചാണ് യു.എ.ഇ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരിക്കുന്നത്. ഖത്തറുമായി നയതന്ത്ര ബന്ധം ഉണ്ടാവില്ലെന്നും നിലവില്‍ രാജ്യത്തുള്ള ഖത്തര്‍ പൗരന്‍മാര്‍ക്ക് രാജ്യം വിട്ടുപോകാന്‍ 14 ദിവസം നല്‍കിയിരിക്കുകയാണെന്നും യു.എ.ഇ ന്യൂസ് ഏജന്‍സിയും വ്യക്തമാക്കി. അപ്രകാരം യു.എ.ഇ പൗരന്‍മാര്‍ ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലേക്കുള്ള വ്യോമപാതയും തുറമുഖവും അടക്കം എല്ലാ ഗതാഗത സംവിധാനങ്ങളും അടക്കാന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണെന്നാണ് ഈജിപ്തിന്റെ പ്രസ്താവന പറയുന്നത്.

Related Articles