Current Date

Search
Close this search box.
Search
Close this search box.

സൗദിയില്‍ അറസ്റ്റ് കാമ്പയിന്‍ കൂടുതല്‍ ആളുകളിലേക്ക്; 1700 അക്കൗണ്ടുകള്‍ മരവിപ്പിച്ചു

റിയാദ്: സൗദിയിലെ അറസ്റ്റ് കാമ്പയിന്‍ കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്നതായി റിപോര്‍ട്ട്. രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെ പ്രമുഖരും സമ്പന്ന വ്യക്തികളും പുതുതായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്നും റോയിട്ടേഴ്‌സ് റിപോര്‍ട്ട് വ്യക്തമാക്കി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പിതൃവ്യ പുത്രന്‍മാരും അവരുടെ മക്കളും കുടുംബങ്ങളും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഏറെയുണ്ടെന്നും മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും റിപോര്‍ട്ട് വിശദീകരിച്ചു. അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ 2011ല്‍ മരണപ്പെട്ട കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായിരുന്ന സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ കുടുംബവുമായി ബന്ധമുള്ള നിരവധി പേരുണ്ടെന്നും വാര്‍ത്താ ഏജന്‍സി സൂചിപ്പിച്ചു.
മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ സൗദി ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കി. ജൂണ്‍ 21നാണ് രാജ ഉത്തരവിലൂടെ മുഹമ്മദ് ബിന്‍ നായിഫ് കിരീടാവകാശി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ടത്. മുഹമ്മദ് ബിന്‍ സല്‍മാനെ തല്‍സ്ഥാനത്തേക്ക് നിയമിക്കുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് ബിന്‍ നായിഫ് വീട്ടുതടങ്കലിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സൗദി ഭരണകൂടം അക്കാര്യം നിഷേധിക്കുകയായിരുന്നു. അഴിമതി കേസുകളില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും അഴിമതിയിലൂടെ നേടിയതായി വ്യക്തമാകുന്ന തുക രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് മാറ്റുമെന്നും സൗദി ഞായറാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. അഴിമതിക്കെതിരെയുള്ള കാമ്പയിന്റെ ഭാഗമായി 1700ലേറെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും ഇനിയും അത് വര്‍ധിക്കാന്‍ സാധ്യതയേറെയാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കി.
അതേസമയം രാജ കുടുംബത്തിലെ പരസ്പര സംഘര്‍ഷത്തിന്റെ ഭാഗമാണ് ഈ അറസ്റ്റ് കാമ്പയിനെന്നും പ്രതിയോഗികളായി രംഗത്ത് വന്നേക്കാവുന്നവരെ ഇല്ലാതാക്കി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് വഴിയൊരുക്കലാണ് അതിന്റെ ലക്ഷ്യമെന്നും അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സൗദി മനുഷ്യാവകാശ പ്രവര്‍ത്തകനും ‘അല്‍ഖിസ്ത്വ്’ മനുഷ്യാവകാശ കൂട്ടായ്മയുടെ പ്രസിഡന്റുമായ യഹ്‌യ അസീരി അഭിപ്രായപ്പെട്ടു.

Related Articles