Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ രാസായുധാക്രമണത്തില്‍ നൂറിലേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ ഇദ്‌ലിബ് ഗ്രാമത്തിലെ ഖാന്‍ ശൈഖൂന്‍ പ്രദേശത്ത് കഴിഞ്ഞ ദിവസം രാവിലെ നടത്തിയ രാസായുധം ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നൂറില്‍ പരം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 400ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണം നടന്നയുടന്‍ മുപ്പതോളം സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ പറഞ്ഞു. നിരവധി പേര്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പും ജീവന്‍ വെടിഞ്ഞിട്ടുണ്ട്. സിറിയന്‍ സൈന്യത്തിന്റെ വിമാനങ്ങളില്‍ നിന്ന് വര്‍ഷിച്ച വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും കൊല്ലപ്പെട്ടതായും അദ്ദേഹം സൂചിപ്പിച്ചു. സിറിയന്‍ പ്രതിപക്ഷത്തിന് ആധിപത്യമുള്ള ഈ പ്രദേശത്തു നിന്നുള്ള പലായനം ശക്തിപ്പെടുന്നതിന് ആക്രമണം കാരണമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പേരെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ചിരുന്നു. എന്നാല്‍ സിറിയന്‍ സൈന്യത്തിന്റെ വിമാനങ്ങള്‍ വീണ്ടും നടത്തിയ ആക്രമണത്തില്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്ന ക്ലിനിക്കടക്കം തകര്‍ത്തു. ശ്വാസമെടുക്കാന്‍ സാധിക്കാതെ പ്രയാസപ്പെടുന്ന കുട്ടികളക്കമുള്ളവരുടെ വളരെ ദയനീയമായ അവസ്ഥക്കാണ് പ്രദേശവും സമീപത്തെ ആശുപത്രികളും സാക്ഷ്യം വഹിക്കുന്നതെന്ന് അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി.
അതേസമയം ഈ കുറ്റകൃത്യത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ് സിറിയന്‍ ഭരണകൂടം രംഗത്ത് വന്നിട്ടുണ്ട്. ഖാന്‍ ശൈഖൂനില്‍ രാസായുധം ഉപയോഗിച്ചിട്ടില്ലെന്നാണ് സിറിയന്‍ സൈന്യം തീര്‍ത്തു പറയുന്നത്. സിറിയന്‍ സൈന്യം ഒരുകാലത്തും ഒരിടത്തും രാസായുധം ഉപയോഗിച്ചിട്ടില്ലെന്നും ഭാവിയിലും ഉപയോഗിക്കുകയില്ലെന്നും സൈന്യം വ്യക്തമാക്കി. ഖാന്‍ ശൈഖൂനില്‍ യാതൊരുതരത്തിലുള്ള ആക്രമണവും തങ്ങള്‍ നടത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles