Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ യുഎന്‍ സഹായവുമായി പോയ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു

ന്യൂയോര്‍ക്ക്: സിറിയയിലെ ഉപരോധിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് സഹായവുമായ പോയ ട്രക്കുകള്‍ സായുധ സംഘം കൊള്ളയടിക്കുകയും അതിലെ ഡ്രൈവര്‍മാരെ മര്‍ദിക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്ന് സഹായ സംഘങ്ങള്‍ക്ക് മാത്രമാണ് എത്തിചേരാന്‍ സാധിച്ചിട്ടുള്ളത്. അവിടത്തെ സഹായങ്ങളുടെ നില പൂജ്യത്തിലാണെന്ന് തന്നെ പറയാമെന്ന് ഐക്യരാഷ്ട്രസഭയുടെ മാനുഷികകാര്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അണ്ടര്‍ സെക്രട്ടറി സ്റ്റീഫന്‍ ഒ-ബ്രിയാന്‍ പറഞ്ഞു.
സിറിയന്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഇടയില്‍ നടന്ന ജനീവ ചര്‍ച്ചക്ക് ഏതാനും ദിവസങ്ങള്‍ മുമ്പാണ് സന്നദ്ധ സഹായസംഘം ആക്രമിക്കപ്പെടുന്നത്. സിറിയന്‍ പ്രതിപക്ഷ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലുള്ള ഹിംസിലെ വഅ്‌റില്‍ ഈ ആഴ്ച്ചയില്‍ സഹായസംഘം എത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. അക്രമികള്‍ ഒളിച്ചിരുന്ന് വെടിവെപ്പ് നടത്തിയതിനെ തുടര്‍ന്ന് ഒരു സംഘം കഴിഞ്ഞ ഞായറാഴ്ച്ച മടങ്ങാന്‍ നിര്‍ബന്ധിതരായിരുന്നു. കഴിഞ്ഞ ദിവസം സഹായവുമായി പോയ ട്രക്കുകള്‍ക്ക് തടസ്സം സൃഷ്ടിച്ച് നടന്ന വെടിവെപ്പിനെയും ആക്രമണത്തെയും കുറിച്ച് ഒ-ബ്രിയാന്‍ രക്ഷാസമിതിയെ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് മടങ്ങവെ സിറിയന്‍ ഔദ്യോഗിക സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തേക്കാണ് ട്രക്കുകള്‍ കടത്തികൊണ്ടുപോയതെന്നും അദ്ദേഹം സൂചിപ്പിച്ചു. ട്രക്കുകളിലെ ഡ്രൈവര്‍മാര്‍ തടഞ്ഞുവെക്കപ്പെടുകയും വളരെ മോശമായ പെരുമാറ്റത്തിന് ഇരയാക്കപ്പെടുകയും ചെയ്‌തെങ്കിലും പിന്നീട് അവരെ വിട്ടയക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സന്നദ്ധ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംരക്ഷിക്കുന്നതിലുള്ള വ്യക്തമായ വീഴ്ച്ചയെന്ന് സംഭവത്തെ വിശേഷിപ്പിച്ച ഒ-ബ്രിയാന്‍ അതില്‍ ദുഖം രേഖപ്പെടുത്തി. കഴിഞ്ഞ നാല് മാസത്തോളമായി ഒരുവിധ സഹായവും ലഭിക്കാതെ അമ്പതിനായിരത്തോളം ആളുകള്‍ വഅ്ര്‍ പ്രദേശത്തുണ്ടെന്നും അവിടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles