Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ മാനുഷിക പരിഗണന കാണിക്കണമെന്ന് ജര്‍മനി

ബെര്‍ലിന്‍: ആഭ്യന്തര യുദ്ധം മൂലം കനത്ത പ്രതിസന്ധി നേരിടുന്ന സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. മേഖലയില്‍ കാര്യങ്ങള്‍ ദിനേന വഷളായിക്കൊണ്ടിരിക്കുകയാണ്. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ ഉപരോധം മൂലം നാലു ലക്ഷത്തോളം സിറിയന്‍ പൗരന്മാരാണ് മേഖലയില്‍ കുടങ്ങിക്കിടക്കുന്നത്. അതിനാല്‍ തന്നെ മേഖലയില്‍ അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തുകയും മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും വേണം.

‘കിഴക്കന്‍ ഗൗതയില്‍ മനുഷ്യത്വമില്ലാത്ത വിധം ദാരുണമായ അവസ്ഥയിലാണ് കാര്യങ്ങള്‍. ഇതില്‍ തങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ട്’ ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. സിറിയന്‍ ഭരണകൂടം മേഖലയില്‍ അടുത്തിടെ നടത്തിയ വ്യോമാക്രമണത്തെയും ജര്‍മനി അപലപിച്ചു.

ഇവിടെ എത്രയും പെട്ടെന്ന് അസ്താന ഉടമ്പടിയിലെ നിബന്ധനകള്‍ നടപ്പിലാക്കണം. മേഖലയിലെ അസ്വസ്ഥതകള്‍ കുറക്കാന്‍ വേണ്ടി മനുഷ്യത്വപരമായ ഇടപെടല്‍ ഉണ്ടാവണമെന്നും ജര്‍മനി ആവശ്യപ്പെട്ടു. സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകകക്ഷിയായ റഷ്യയുടെ കൂടി ഉത്തരവാദിത്വമാണിത്. അസ്താന ഉടമ്പടിക്ക് സാക്ഷിയായ രാജ്യം കൂടിയാണ് റഷ്യ.  

കിഴക്കന്‍ ഗൗതയിലെ സ്‌കൂളുകളും ആശുപത്രികളും വീടുകളും ബോംബിട്ട് തകര്‍ത്ത അസദ് ഭരണകൂടം ഇവിടുത്തെ ജനങ്ങളെ ഒന്നാകെ പട്ടിണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 2012 മുതല്‍ നാലു ലക്ഷം സിവിലിയന്മാര്‍ ഉപരോധത്തിനു കീഴിലാണ് ജീവിക്കുന്നത്. അസദ് ഭരണകൂടത്തിനെതിരേയും ജനാധിപത്യത്തിനും വേണ്ടിയുള്ള അപ്രതീക്ഷിതമായ ജനരോഷമാണ് മേഖലയെ ഉപരോധത്തിലേക്കും സംഘര്‍ഷത്തിലേക്കും തള്ളിവിട്ടത്. യു.എന്നിന്റെ കണക്കുപ്രകാരം ഇതിനോടകം പതിനായിരങ്ങള്‍ ഇവിടെ കൊല്ലപ്പെടുകയും മില്യണ്‍ കണക്കിന് ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

 

Related Articles