Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ഇറാന്‍ നേതൃപരമായ പങ്കുവഹിക്കില്ല: വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: ഭാവിയില്‍ സിറിയയുടെ കടിഞ്ഞാന്‍ ഏറ്റെടുക്കാനോ അവിടെ നേതൃപരമായ പങ്ക് വഹിക്കാനോ തെഹ്‌റാനെ അനുവദിക്കില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി വ്യക്തമാക്കി. സിറിയയിലെയും ഇറാഖിലെയും ഐഎസിന്റെ പിന്‍മാറ്റം അമേരിക്ക നിര്‍വഹിച്ച ദൗത്യത്തിന്റെ ശക്തിയെയാണ് കുറിക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. അവിടെ ഐഎസിന് ശേഷമുള്ള ഘട്ടത്തെ കുറിച്ച് അമേരിക്ക ആലോചനകള്‍ നടത്തുന്നുണ്ട്. കാര്യങ്ങളുടെ കടിഞ്ഞാണ്‍ ഇറാന്‍ ഏറ്റെടുക്കില്ലെന്ന് പറയാന്‍ എനിക്ക് സാധിക്കും. നിലവിലെ അവസ്ഥക്ക് കൂടുതല്‍ പരിക്കേല്‍പ്പിക്കുന്ന രീതിയില്‍ നേതൃപരമായ പങ്കും അവര്‍ വഹിക്കില്ല. അതേസമയം സിറിയയില്‍ സുസ്ഥിരത കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ അമേരിക്ക തുടരും. ബശ്ശാറുല്‍ അസദിന്റെ സാന്നിദ്ധ്യത്തില്‍ അതൊരിക്കലും നടക്കില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.
ലഘു സംഘര്‍ഷ മേഖലയില്‍ ഉള്‍ക്കൊള്ളിച്ച് ഇദ്‌ലിബിലേക്ക് 500 വീതം നിരീക്ഷകരെ അയക്കാന്‍ അസ്താനയില്‍ നടന്ന ആറാം ഘട്ട ചര്‍ച്ചയില്‍ റഷ്യ, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ധാരണയിലെത്തിയത് സംബന്ധിച്ച പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഭാഗത്തു നിന്നുള്ള ഈ പ്രതികരണം. സിറിയയില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കൊണ്ടു വരുന്നതിന് അസ്താന ചര്‍ച്ചയിലെ ധാരണ സഹായകമാകുമെന്നാണ് മോസ്‌കോ ഭരണകൂടത്തിന്റെ അഭിപ്രായം.

Related Articles