Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ ആധുനിക ഹോളോകോസ്റ്റ്; കുറ്റവാളികളെ വിചാരണ ചെയ്യണമെന്ന് യു.എന്‍

ന്യൂയോര്‍ക്ക്: സിറിയയില്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്ന എല്ലാവരെയും വിചാരണക്ക് വിധേയരാക്കേണ്ടത് അനിവാര്യമാണെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ദുജാരിക്. സൈദാന ജയിലില്‍ കൊലചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് സിറിയന്‍ ഭരണകൂടം തീച്ചൂള സ്ഥാപിച്ചതിനെ കുറിക്കുന്ന തെളിവുകള്‍ അമേരിക്ക പുറത്തുവിട്ട പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തിനിടെ സിറിയയില്‍ നടക്കുന്ന അതിനീചമായ കുറ്റകൃത്യങ്ങളെ സംബന്ധിച്ച ഭീതിജനകമായ റിപോര്‍ട്ടുകളാണ് നിരന്തരം ഐക്യരാഷ്ട്രസഭക്ക് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ദുജാരിക് പറഞ്ഞു. സിറിയയിലെ കുറ്റവാളികളെ വിചാരണ ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമര്‍പിച്ചിട്ടുണ്ട്. മുഴുവന്‍ കക്ഷികളും ഒരു മേശക്ക് ചുറ്റുമിരുന്ന് സമാധാനപരമായി പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ അനിവാര്യതയെയാണ് ഇത്തരം റിപോര്‍ട്ടുകള്‍ കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വടക്കന്‍ ദമസ്‌കസിലെ സൈദാന മിലിറ്ററി ജയിലില്‍ കൊലചെയ്യപ്പെട്ട തടവുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന് സിറിയന്‍ ഭരണകൂടം ‘ഹോളോകോസ്റ്റ്’ സംവിധാനിച്ചതിനെ കുറിക്കുന്ന തെളിവുകള്‍ കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ടിരുന്നു. ദിവസവും അമ്പതോളം തടവുകാര്‍ അവിടെ കൊലചെയ്യപ്പെടുന്നുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. 2015ന്റെ തുടക്കത്തില്‍ എടുത്ത സാറ്റലൈറ്റ് ചിത്രങ്ങളും മിഡിലീസ്റ്റ് വിഷയങ്ങളുടെ ചുമതലയുള്ള അമേരിക്കന്‍ വിദേശകാര്യ സഹസെക്രട്ടറി സ്റ്റുവാര്‍ട്ട് ജോണ്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. സൈദാനയില്‍ നടക്കുന്ന കൂട്ടഉന്മൂലനങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാവാം തീച്ചൂളയൊരുക്കിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  2011നും 2015നും ഇടയില്‍ സൈദാന ജയിലില്‍ 5000നും 11,000നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

Related Articles