Current Date

Search
Close this search box.
Search
Close this search box.

സിറിയയില്‍ അമേരിക്ക ഐഎസിനെ സഹാക്കുന്നുവെന്ന ആരോപണവുമായി റഷ്യ

മോസ്‌കോ: സിറിയയില്‍ അമേരിക്ക ഐഎസിനെ സഹായിക്കുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം. അവര്‍ക്ക് പ്രത്യാക്രമണത്തിനുള്ള സൗകര്യം ഒരുക്കിയാണ് അമേരിക്കയത് ചെയ്യുന്നതെന്നും കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം വ്യക്തമാക്കി. സിറിയിയല്‍ ഐഎസിനെ പൂര്‍ണാര്‍ത്ഥത്തില്‍ പരാജയപ്പെടുത്താന്‍ സാധിക്കാത്തതിന്റെ കാരണം ഭീകരരുടെ സൈനിക ശേഷിയല്ലെന്നും അമേരിക്കന്‍ കൂട്ടാളികള്‍ നല്‍കുന്ന സഹായമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം വക്താവ് ജനറല്‍ ഇഗോര്‍ കുനാഷെന്‍കോവ് പറഞ്ഞു.
പാല്‍മിറക്കും ദേര്‍സൂറിനുമിടയിലെ ഹൈവേയിലൂടെ നീങ്ങിക്കൊണ്ടിരിക്കുയായിരുന്ന ഐഎസ് സംഘങ്ങളുടെ കഥകഴിക്കാനും അവര്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങള്‍ വീണ്ടെടുക്കാനും സിറിയന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. റഷ്യന്‍ വ്യോമസേനയുടെ സഹായത്തോടെയാണ് അവര്‍ക്കത് സാധിച്ചത്. അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം പ്രവര്‍ത്തന കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള സിറിയ- ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശമായ തനഫ്ഫില്‍ നിന്നും അമ്പത് കിലോമീറ്റര്‍ മാത്രം അകലെ നിന്നാണ് ഐഎസ് സിറിയന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. അപ്രതീക്ഷിത നീക്കമായി അമേരിക്ക ഇത്തരം സംഭവങ്ങളെ കണ്ടിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങളും പിഴുതെറിയാന്‍ സിറിയയിലുള്ള റഷ്യന്‍ വ്യോമസേന സുസജ്ജമാണ്. എന്നും പ്രസ്താവന പറഞ്ഞു.
അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യം സിറിയയിലെ റഷ്യന്‍ സൈനികര്‍ക്ക് നേരെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആരോപിച്ചിരുന്നു. അന്താരാഷ്ട്ര സഖ്യത്തിന്റെ സിറിയയിലെ പ്രവര്‍ത്തനങ്ങള്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും ‘അശ്ശര്‍ഖുല്‍ ഔസത്വ്’ പത്രത്തിന് നല്‍കിയ അഭിഖത്തില്‍ ലാവ്‌റോവ് പറഞ്ഞു.

Related Articles