Current Date

Search
Close this search box.
Search
Close this search box.

സിറിയയിലേക്ക് സൈന്യത്തെ അയക്കാനൊരുങ്ങി യു.എസ്; എതിര്‍പ്പുമായി തുര്‍ക്കി

ദമസ്‌കസ്: ആഭ്യന്തര യുദ്ധം തുടരുന്ന സിറിയയിലേക്ക് അമേരിക്ക പുതിയ അതിര്‍ത്തി സേനയെ അയക്കുന്നു. സിറിയയിലെ തീവ്രവാദ ഗ്രൂപ്പുകളായ പി.കെ.കെ,പി.വൈ.ഡി എന്നിവരുമായി സഖ്യം ചേര്‍ന്നാണ് സൈന്യത്തെ വിന്യസിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ടു ഡസന്‍ സൈനിക വാഹനങ്ങള്‍ തെക്കുകിഴക്കന്‍ ഹതായേ പ്രവിശ്യയിലേക്ക് കടന്നതായും തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അമേരിക്കയുടെ നീക്കത്തിനെതിരേ ശക്തമായ താക്കീതുമായി തുര്‍ക്കി രംഗത്തെത്തി. അമേരിക്ക തീകൊണ്ടാണ് കളിക്കുന്നതെന്നും മേഖലയെ കൂടുതല്‍ സംഘര്‍ഷഭൂമിയാക്കാനേ ഇതുകൊണ്ടാവൂ എന്നും തുര്‍ക്കി പ്രതികരിച്ചു.

തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്ത് തുര്‍ക്കിയും സൈനിക വ്യൂഹം ശക്തമാക്കിയിട്ടുണ്ട്. ഏത് ആക്രമണത്തെയും നേരിടാന്‍ തുര്‍ക്കി സൈന്യം സജ്ജമാണെന്നും ഏതു നിമിഷവും തങ്ങള്‍ സൈനിക നടപടി ആരംഭിക്കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.
അഫ്രിന്‍,മന്‍ബിജ് മേഖലകളിലെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ തുര്‍ക്കിയുടെ സൈന്യം സന്നദ്ധമാണെന്നും അതിനു വേണ്ടിയുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

തുര്‍ക്കി- സിറിയ അതിര്‍ത്തി പ്രദേശമായ അലപ്പോക്കടുത്ത പ്രദേശമാണ് അഫ്രിന്‍. ഇവിടെ വര്‍ഷങ്ങളായി തീവ്രവാദ സംഘടനകളായ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ),ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (പി.വൈ.ഡി),പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ്‌സ് (വൈ.പി.ജി) എന്നിവരുടെ ഉപരോധത്തിനു കീഴിലാണ്. ഇവിടെയാണ് പുതിയ അതിര്‍ത്തി സേനയെ രൂപീകരിച്ച് പ്രശ്‌നം വഷളാക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. മേഖലയില്‍ സൈന്യത്തെ ശക്തിപ്പെടുത്തുമെന്ന തുര്‍ക്കിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് യു.എസിന്റെ നടപടി. ഇവിടെ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി തുര്‍ക്കി സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ടെന്നും സിറിയന്‍ കുര്‍ദിഷ് വക്താക്കള്‍ അറിയിച്ചു.

 

Related Articles