Current Date

Search
Close this search box.
Search
Close this search box.

സിറിയന്‍ പൗരന്മാര്‍ക്ക് 18 മാസം കൂടി യു.എസില്‍ തുടരാം

വാഷിങ്ടണ്‍: അമേരിക്കയില്‍ കഴിയുന്ന സിറിയന്‍ പൗരന്മാര്‍ക്ക് 18 മാസം കൂടി തങ്ങാന്‍ ട്രംപ് ഭരണകൂടം സമയം നീട്ടി നല്‍കി. ഏഴായിരം സിറിയക്കാരാണ് ഇപ്പോള്‍ രാജ്യത്ത് അവശേഷിക്കുന്നത്. സിറിയയിലെ ആഭ്യന്തര യുദ്ധം മൂലം അമേരിക്കയിലേക്ക് കുടിയേറിയവരാണിവര്‍. ഇവര്‍ക്ക് നല്‍കുന്ന പരിരക്ഷ എന്ന നിലയിലാണ് 18 മാസം കൂടി രാജ്യത്ത് തങ്ങാനുള്ള അനുമതി നീട്ടി നല്‍കിയത്. ‘അവരുടെ നിവലിലെ അവസ്ഥകളെ വളരെ സൂക്ഷ്മമായി പരിഗണിച്ചതിനു ശേഷമാണ് ഇവിടെ തങ്ങാനുള്ള അനുമതി താല്‍ക്കാലികമായി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്’ സ്വദേശ സുരക്ഷ വിഭാഗം സെക്രട്ടറി ക്രിസ്റ്റജന്‍ നീല്‍സണ്‍ പ്രസ്താവനയില്‍ പറഞ്ഞു.

താല്‍ക്കാലിക സംരക്ഷിത അവസ്ഥയില്‍ (ടി.പി.എസ്) വിഭാഗത്തില്‍ രാജ്യത്ത് അവശേഷിക്കുന്നവരും ജോലിയെടുത്ത് കഴിയുന്നവരുമാണ് ഈ സിറിയന്‍ വംശജര്‍. ഇവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് തടസ്സമുണ്ടെങ്കില്‍ ഇവിടെ കഴിയുന്നതിന് നിയമപരമായി അംഗീകാരം നല്‍കുകയാണ് ടി.പി.എസ് മുഖേന ചെയ്യുന്നത്. യുദ്ധക്കെടുതികളാലോ പ്രകൃതി ദുരന്തം മൂലമോ ദുരിതമനുഭവിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം നല്‍കുന്നത്.

2012ല്‍ ഒബാമ ഭരണകൂടമാണ് സിറിയന്‍ പൗരന്മാര്‍ക്ക് ടി.പി.എസ് അനുവദിച്ചു നല്‍കുന്നത്. സിറിയന്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. പിന്നീട് നിരവധി തവണയാണ് ഇത് പുതുക്കി നല്‍കിയിരുന്നത്. ട്രംപ് അധികാരത്തില്‍ വന്ന ശേഷം ഇത് എടുത്തുകളയുമെന്ന ഭീതി നിലനിന്നിരുന്നു. നേരത്തെ ഹെയ്തിയിലെയും എല്‍ സല്‍വാദറിലെയും ജനങ്ങളുടെ ടി.പി.എസ് ട്രംപ് പിന്‍വലിച്ചിരുന്നു. അമേരിക്കയിലുള്ള യെമനിലെ യുദ്ധ ബാധിതരായ ടി.പി.എസുകളുടെ കാലാവധി ഈ ജൂണില്‍ അവസാനിക്കും. ഇവരെക്കുറിച്ച് അമേരിക്ക ഇതു വരെ പ്രതികരിച്ചിട്ടില്ല.

 

Related Articles