Current Date

Search
Close this search box.
Search
Close this search box.

സാലിഹ് ആറൂരി ഹമാസ് നേതൃത്വത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടതില്‍ ഇസ്രയേലിന് ഉത്കണ്ഠ

തെല്‍അവീവ്: ഹമാസ് രാഷ്ട്രീയ സമിതി ഉപാധ്യക്ഷനായി സാലിഹ് ആറൂരി തെരെഞ്ഞെടുക്കപ്പെട്ടതിലും ഇസ്രയേലിനെ നേരിടുന്നതിലെ സൈനികവും രാഷ്ട്രീയവുമായ നീക്കത്തില്‍ അതുണ്ടാക്കുന്ന സ്വാധീനത്തിലും ഉത്കണ്ഠ പ്രകടിപ്പിക്കുന്നതില്‍ ഇസ്രയേല്‍ മാധ്യമങ്ങള്‍ ഒറ്റക്കെട്ട്. ഹമാസിന്റെ സായുധാക്രമണ സൂത്രധാരന്‍ ആറൂരി പ്രസ്ഥാനത്തിലെ രണ്ടാമനാകുന്നു എന്നാണ് യെദിയോത്ത് അഹരനോത് പത്രത്തില്‍ എലിയോര്‍ ലെവി എഴുതിയിരിക്കുന്നത്. ഹമാസ് നേതൃഘടനയിലെ മാറ്റത്തിന്റെ പൂര്‍ണതയായിട്ടാണ് ഗസ്സയിലെ ഹമാസിന്റെ നേതൃത്വം യഹ്‌യ സിന്‍വാറിനെ ഏല്‍പിച്ച് അധികം വൈകാതെ ആറൂരിയെ കൂടി തെരെഞ്ഞെടുത്തതിനെ അദ്ദേഹം ഇതിനെ വിലയിരുത്തുന്നത്.
വെസ്റ്റ്ബാങ്കില്‍ ജനിച്ചു വളര്‍ന്ന ആറൂരി 18 വര്‍ഷം ഇസ്രയേല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. അനായാസം ഹീബ്രു ഭാഷ സംസാരിക്കുന്ന അദ്ദേഹം വളരെ പെട്ടന്നാണ് ഹമാസ് നേതൃതലത്തിലേക്ക് ഉയര്‍ന്നു വന്നത്. സിറിയ, തുര്‍ക്കി, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം മാറിമാറി കഴിഞ്ഞ അദ്ദേഹമിപ്പോള്‍ ലബനാനിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. അവിടെ നിന്നാണ് പ്രസ്ഥാനത്തിന്റെ ആക്രമണങ്ങള്‍ അദ്ദേഹം ആസൂത്രണം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഹമാസ് നേതൃതലത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഇസ്രയേലിനെ അസ്വസ്ഥപ്പെടുത്തേണ്ടത് അനിവാര്യമാണ്. എന്നും അദ്ദേഹം വിവരിക്കുന്നു.
സൈനിക കാഴ്ച്ചപ്പാടുള്ള ഹമാസ് നേതാക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് 51 കാരനായ ആറൂരിയെന്നാണ് എന്‍.ആര്‍.ജി വെബ്‌സൈറ്റിലെ അസ്സാഫ് ഗിബ്ബോറിന്റെ ലേഖനം പറയുന്നത്. പ്രസ്ഥാനത്തിലെ സൈനിക, രാഷ്ട്രീയ തലങ്ങള്‍ക്കിടയിലെ സഹകരണ ചുമതല അദ്ദേഹം ഏറ്റെടുക്കും. 2011ല്‍ ഇസ്രയേല്‍ സൈനികന്‍ ഗിലാഡ് ഷാലിതിനെ മോചിപ്പിച്ച തടവുകാരുടെ കൈമാറ്റകരാറില്‍ പങ്കുവഹിച്ചിട്ടുള്ള ആളാണ് അദ്ദേഹമെന്നും ഗിബ്ബോര്‍ പറഞ്ഞു. ആറൂരി കൂര്‍മബുദ്ധിയുള്ള വ്യക്തിത്വമാണെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ തടവിലൂടെ വ്യക്തമായിട്ടുണ്ടെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. സംഘടന അഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ തന്ത്രപ്രധാന കാഴ്ച്ചപ്പാടുള്ള ഒരാളാണ് അദ്ദേഹമെന്നും പ്രസ്ഥാനത്തിന്റെ സൈനിക വിംഗിനെ ശക്തിപ്പെടുത്തുന്നതിന് ഇറാനുമായുള്ള അടുപ്പത്തെ പിന്തുണക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വെസ്റ്റ്ബാങ്ക് തങ്ങളുടെ നിയന്ത്രണത്തിലാക്കുകയെന്ന തന്ത്രപ്രധാന ലക്ഷ്യം ഇപ്പോഴും ഹമാസ് കൈവിട്ടില്ലെന്നാണ് ആറൂരിയുടെ തെരെഞ്ഞെടുപ്പ് വ്യക്തമാക്കുന്നതെന്ന് ‘ഇസ്രയേല്‍ ടുഡേ’ പത്രത്തിലെ സൈനികകാര്യ വിദഗ്ദന്‍ യുആവ് ലിമോര്‍ അഭിപ്രായപ്പെടുന്നത്. ബുദ്ധിമാനും കരുത്തനുമായ എതിരാളിയായിയെന്ന നിലയില്‍ ഇസ്രയേലിന് വലിയ തലവേദനയായിരിക്കും അദ്ദേഹമെന്നും ലിമോര്‍ പറഞ്ഞു.

Related Articles