Current Date

Search
Close this search box.
Search
Close this search box.

സാമൂഹിക പ്രശ്‌നങ്ങളോട് മൂര്‍ത്തമായി പ്രതികരിച്ച് തെരുവുനാടകം ശ്രദ്ധേയമാകുന്നു

മലപ്പുറം: ‘ഇസ്‌ലാം സന്തുലിതമാണ്’ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 10, 11 തിയ്യതികളില്‍ നടക്കുന്ന ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയോടനുബന്ധിച്ച് അരങ്ങേറുന്ന തെരുവുനാടകം ശ്രദ്ധേയമാകുന്നു. ‘പേടി മണക്കുന്ന ഇടനാഴികള്‍’ എന്ന നാടകമാണ് കാണികള്‍ക്ക് ചിന്തിക്കാനും ചിരിക്കാനും അവസരമൊരുക്കിയത്.
നോട്ടു നിരോധം മൂലം സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ പ്രതിനിധീകരിക്കുന്ന വീട്ടുജോലിക്കാരിയായ നഫീസയെ ബാങ്കിന്റെ ക്യൂവില്‍ കാണുമ്പോള്‍ ‘ഈ നഫീസു കള്ളപ്പണക്കാരിയാണന്നത് നമ്മളറിഞ്ഞില്ലല്ലോ’ എന്നു നാട്ടുകാര്‍ അടക്കം പറയുന്നു. രോഹിത് വെമുലയുടെ അമ്മയുടെ ദീനദു:ഖവും നജീബ് എന്ന മകനെ കാണാതായ ഫാത്തിമ നഫീസിന്റെ ദുരിതവും നാടകത്തില്‍ വരച്ചുകാട്ടുന്നു. തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വാപ്പ വല്യുപ്പമാര്‍ മുമ്പ് പോയ രാജ്യത്തേക്ക് പോവാമെന്ന് സംഘ്പരിവാര്‍ ഭീഷണിപ്പെടുത്തുമ്പോള്‍ നിലവിലുള്ള ഫാഷിസത്തിന്റെ മുഖം അനാവരണം ചെയ്യപ്പെടുന്നു.
അമീന്‍ കാരക്കുന്ന് രചിച്ച് മുനീബ് കാരക്കുന്ന് സംവിധാനം ചെയ്ത നാടകത്തില്‍ നുശൂര്‍ കരിങ്കല്ലത്താണി, മുന്‍ഷിദ് വലമ്പൂര്‍, തന്‍സീം മമ്പാട്, ഫായിസ് വാണിയമ്പലം, ഷാഹിദ് ഇസ്മായില്‍ ചട്ടിപ്പറമ്പ് എന്നിവര്‍ അഭിനയിക്കുന്നു.

ഇസ്‌ലാമിന്റെ സൗഹൃദം ലോകത്തിന് മാതൃക: ഹബീബ് ജഹാന്‍
ഇസ്‌ലാമിലെ സൗഹൃദകാഴ്ചപ്പാട് ലോകത്തിന് മാതൃകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ. ഹബീബ് ജഹാന്‍ പറഞ്ഞു. ഈ കാഴ്ചപ്പാടിന് കോട്ടംതട്ടാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ജനസേവനരംഗത്തും ആതുരശുശ്രൂഷാ രംഗത്തും സാമൂഹ്യ സാംസ്‌കാരിക മേഖലയിലും ഇന്ത്യയിലെ ആയിരക്കണക്കിന് ജില്ലകള്‍ക്ക് മാതൃകയായി മലപ്പുറം ജില്ലയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി പങ്കാളിത്തം വഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെബ്രുവരി 11 ശനിയാഴ്ച കോട്ടക്കലില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളന പ്രചാരണാര്‍ത്ഥം നടത്തുന്ന ജില്ലാ വാഹനപ്രചാരണ ജാഥയ്ക്ക് വേങ്ങരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സൗഹൃദാന്തരീക്ഷം നലനിര്‍ത്താനന്‍ ജമാഅത്തെ ഇസ്‌ലാമി എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുന്നവരെ ഒന്നിച്ചുനിന്ന് എതിര്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹനജാഥയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച വണ്ടൂര്‍, എടവണ്ണ, അരീക്കോട്, മുണ്ടുമുഴി, വാഴക്കാട്, കൊണ്ടോട്ടി, യൂനിവേഴ്‌സിറ്റി, പടിക്കല്‍, കൊളപ്പുറം, വേങ്ങര, ചെമ്മാട് എന്നീ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി. വിവിധയിടങ്ങളില്‍ ലത്തീഫ് കൂരാട്, അബ്ബാസലി പത്തപ്പിരിയം, അബൂബക്കര്‍ കാരകുന്ന്, അമീന്‍ മമ്പാട്, അബ്ദുല്‍ ഖാദിര്‍ കീഴ്പറമ്പ്, ജാബിര്‍ ആനക്കയം, റോഷിക് വാഴക്കാട്, ആബിദ് എളമരം, ഫസല്‍ കൊണ്ടോട്ടി, ഫസല്‍ തിരൂരങ്ങാടി, ശിഹാബ് വണ്ടൂര്‍, ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles