Current Date

Search
Close this search box.
Search
Close this search box.

സാകിര്‍ നായികിനെ അകാരണമായി വേട്ടയാടുകയാണ്: മുസ്‌ലിം ലീഗ്

കോഴിക്കോട്: ന്യായമായ യാതൊരു കാരണവുമില്ലാതെയാണ് പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ സാകിര്‍ നായികിനെ വേട്ടയാടുന്നതെന്ന് മുസ്‌ലിം ലീഗ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ചില കേന്ദ്ര മന്ത്രിമാരും ഈ വിഷയത്തില്‍ നടത്തിയ പ്രസ്താവന ഉത്കണ്ഠയുളവാക്കുന്നതാണെന്നും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം വ്യക്തമാക്കി. സ്വതന്ത്രമായ ആശയ പ്രചാരണം അസാധ്യമാക്കാനുള്ള ബി.ജെ.പി സര്‍ക്കാറിന്റെ നീക്കമാണിത്. ഭരണഘടനയില്‍ വിശ്വാസമുള്ള എല്ലാവരും ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നും ലീഗ് ആഹ്വാനം ചെയ്തു. കേന്ദ്ര സര്‍ക്കാറിന്റെ അസഹിഷ്ണുതയുടെ മറ്റൊരു പതിപ്പാണിതെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോക പ്രശസ്ത പണ്ഡിതനായ അദ്ദേഹം തീവ്രവാദത്തെ ശക്തമായി എതിര്‍ത്തയാളാണ്. മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നും അദ്ദേഹം സൂചിപ്പിച്ചു. തീവ്രവാദത്തെ എതിര്‍ത്ത് സാകിര്‍ നായിക് നടത്തിയ പ്രഭാഷണവും അദ്ദേഹം പത്രസമ്മേളനത്തില്‍ കേള്‍പ്പിച്ചു.
ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെയും പ്രമേയം പാസാക്കി. ശരീഅത്ത് നിയമങ്ങള്‍ രാഷ്ട്രീയ പ്രേരിതമായി ഭേദഗതിചെയ്യാന്‍ കഴിയില്ലെന്നും ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജൂലൈ 21ന് ദേശീയ കമ്മിറ്റി ന്യൂഡല്‍ഹിയില്‍ ചേരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഐ.എസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ഗൗരവമേറിയതാണ്. യുവാക്കളെ വഴിതെറ്റിക്കാന്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാമ്പയിന്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

‘ദ ഡയലി സ്റ്റാര്‍’ ഖേദ പ്രകടനം നടത്തി
സാകിര്‍ നായികിനെ തീവ്രവാദിയായി മുദ്രകുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്നതിനിടെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളാണ് ധാക്ക ഭീകരാക്രമണം നടത്തിയവര്‍ക്ക് പ്രചോദനമായതെന്ന വാര്‍ത്ത നല്‍കിയ ‘ദ ഡയലി സ്റ്റാര്‍’ എന്ന ബംഗ്ലാദേശ് പത്രം ഖേദപ്രകടനം നടത്തി. അദ്ദേഹം തീവ്രവാദികള്‍ക്ക് പ്രചോദനം നല്‍കുന്നതായി വാര്‍ത്ത നല്‍കിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റിധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം രേഖപ്പെടുത്തുന്നതായും പ്രതം വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.
‘ദ ഡയ്‌ലി സ്റ്റാര്‍’ സംഭവത്തില്‍ തന്റെ പേര് വലിച്ചിഴക്കുകയായിരുന്നെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ യൂട്യൂബ് പ്രഭാഷണത്തില്‍ നായിക് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ചാണ് പത്രം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. നായിക്കിന്റെ പ്രഭാഷണങ്ങള്‍ എങ്ങനെയാണ് വളച്ചൊടിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാനാണ് വാര്‍ത്തയിലൂടെ ശ്രമിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. വാര്‍ത്തയില്‍ മലേഷ്യയില്‍ സാകിര്‍ നായിക്കിന് നിരോധമുള്ളതായി ചേര്‍ത്തത് തെറ്റാണെന്നും പത്രം വ്യക്തമാക്കി. ഇന്ത്യയിലടക്കമുള്ള മാധ്യമങ്ങള്‍ നായിക്കിനെതിരായ വാര്‍ത്തകള്‍ക്ക് അവലംബിച്ചത് ഈ പത്രത്തെയായിരുന്നു.

Related Articles