Current Date

Search
Close this search box.
Search
Close this search box.

സമാധാനവും മാനവികതയും ഉദ്‌ഘോഷിച്ച് തനിമ ക്യാമ്പയിന് തുടക്കമായി

ദമ്മാം: ഇന്ത്യന്‍ സമൂഹത്തിന്റെ ബഹുസ്വരതയും രാജ്യത്തിന്റെ മതസാംസ്‌കാരിക വൈവിധ്യവും ഉദ്‌ഘോഷിച്ച് ‘സമാധാനം മാനവികത’ എന്ന തലക്കെട്ടില്‍ തനിമ സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന ക്യാംപയ്‌ന് തുടക്കമായി. ഫാഷിസം ഒച്ചവെച്ച് വര്‍ഗീയ ഭ്രാന്ത് അഴിച്ചുവിടുമ്പോള്‍ സ്‌നേഹത്തിന്റെ തുരുത്തുകള്‍ തീര്‍ത്ത് നന്മയുടെ പക്ഷത്ത് നിലയുറപ്പിക്കാന്‍ മാനവിക കൂട്ടായ്മകള്‍ രുപപ്പെടേണ്ടതുണ്ടന്ന സന്ദേശമുയര്‍ത്തിയാണ് അഖില സൗദി തലത്തില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നതെന്ന് തനിമ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അധസ്ഥിത പിന്നാക്ക വിഭാഗക്കാര്‍ ആക്ഷേപിക്കപ്പെടുകയും, സവര്‍ണ ഫാഷിസ്റ്റ് ശക്തികള്‍ വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം വിപണനം ചെയ്യുകയും ചെയ്യുന്ന കലുഷിത അന്തരീക്ഷമാണ് രാജ്യത്തിപ്പോള്‍ നിലനില്‍ക്കുന്നത്. അവരുടെ യഥാര്‍ഥ ലക്ഷ്യം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് അധികാരം നിലനിര്‍ത്തുകയും രഹസ്യ അജണ്ട നടപ്പാക്കുകയുമാണ്. എന്നാല്‍ ഏറെ പ്രതീക്ഷ നല്‍കുന്നത്, രാജ്യത്തെ മഹാഭൂരിപക്ഷം പൗരന്മാരും ശാന്തിയും സമാധാനവും കൊതിക്കുന്നവരും സഹിഷ്ണുതയുള്ളവരും നീതിയെ പിന്തുണക്കുന്നവരുമാണ് എന്നതാണ്. രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്ന ദിശയെ ഒരിക്കലും ശരിവെക്കുന്നവരോ അംഗീകരിക്കുന്നവരോ അല്ല അവര്‍. എന്നാല്‍ അവര്‍ അസംഘടിതരാണ്.  ഇത്തരം നന്മ നിറഞ്ഞ മനസുകളെ ചേര്‍ത്തുപിടിച്ച്  സാമുദായിക ധ്രുവീകരണത്തെയും അസഹിഷ്ണുതയെയും സൗഹൃദ കൂട്ടായ്മകളിലൂടെ ചെറുത്തു തോല്‍പിക്കണമെന്നതാണ് കാമ്പയിന്റെ ഉള്ളടക്കം.
അഖില സൗദി തലത്തില്‍ നവംബര്‍ 11 വരെയാണ് കാമ്പയിന്‍ കാലയളവ്. ഇതിന്റെ ഭാഗമായി ഈമാസം 28ന് ദമ്മാമില്‍ സൗഹൃദസമ്മേളനം സംഘടിപ്പിക്കും. സാഹിത്യകാരന്‍ കെ.പി രാമനുണ്ണി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ തനിമ അഖില സൗദി കാമ്പയിന്‍ കണ്‍വീനര്‍ കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഉമര്‍ ഫാറൂഖ്, സിറാജ്.കെ,  മുജീബ് റഹ്മാന്‍ എം.പി എന്നിവര്‍ പങ്കെടുത്തു.

Related Articles