Current Date

Search
Close this search box.
Search
Close this search box.

ശൈഖ് സലാഹ് തടവറയില്‍ വായിച്ചത് 80 പുസ്തകങ്ങള്‍; രചിച്ചത് നാല്

ഖുദ്‌സ്: ഒമ്പത് മാസത്തോളം നീണ്ട ഏകാന്ത തടവിനിടയില്‍ താന്‍ എണ്‍പതിലേറെ പുസ്തകങ്ങള്‍ വായിക്കുകയും നാല് പുസ്തകങ്ങളും 23 കവിതകളും രചിക്കുകയും ചെയ്തതായി ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹ്. ഏതൊക്കെ പുസ്തകങ്ങളാണ് വായിച്ചതെന്നോ രചിച്ച പുസ്തകങ്ങളുടെ വിശദാംശങ്ങളോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ലെങ്കിലും രചിച്ച പുസ്തകങ്ങളിലൊന്ന് തന്റെ ഏകാന്ത തടവു ജീവിതത്തെ കുറിച്ചാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും ഇസ്രയേല്‍ തടവറകളില്‍ കഴിയുന്ന ഫലസ്തീനികളുമാണ് കവിതകളുടെ വിഷയമെന്നും ചില കവിതകള്‍ ലോകരക്ഷിതാവായ അല്ലാഹുവുമായുള്ള സംഭാഷണമാണെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനാക്കപ്പെട്ട ശേഷം ഉമ്മുല്‍ ഫഹ്മ് പ്രദേശത്തെ നൂറുകണക്കിനാളുകളുമായി അദ്ദേഹം സംസാരിച്ചു.
ദുരിതത്തിന്റെയും വേദനയുടെയും ലോകമാണെന്നാണ് മറ്റുള്ളവരുമായുള്ള ഇടപഴകലും സംസാരവും തടയുന്ന ഏകാന്ത തടവ് ജീവിതത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. 24 മണിക്കൂറും ഒരു മനുഷ്യനെ ഒറ്റക്ക് പാര്‍പ്പിക്കുന്നത് കടുത്ത പരീക്ഷണമാണ്. ഏകാന്തതയെ തടവുകാരന് എങ്ങനെ അതിജയിക്കാനാവുമെന്നത് വളരെ പ്രധാനമാണ്. അല്ലാഹുവിന് സ്തുതി, എനിക്ക് എന്റേതായ പരിപാടികളുണ്ടായിരുന്നു. അതുകൊണ്ട് ദിവസം വേഗത്തില്‍ നീങ്ങുന്നതായി എനിക്കനുഭവപ്പെട്ടു. എന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച്ച രാവിലെയാണ് ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയ ശൈഖ് സലാഹിനെ ഇസ്രയേല്‍ മോചിപ്പിച്ചത്.
തീവ്രവലതുപക്ഷക്കാരായ ഇസ്രയേലികളുടെ ഭാഗത്തു നിന്നും അദ്ദേഹത്തിന്റെ ജീവന് അപകടം ഉണ്ടാക്കും വിധമായിരുന്നു അദ്ദേഹത്തെ മോചിപ്പിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം അറിയപ്പെടുന്ന ഫലസ്തീന്‍ വ്യക്തിത്വമാണെന്നും അതുകൊണ്ട് ജൂത തീവ്രവാദികളില്‍ നിന്ന് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായേക്കുമെന്നും അറിഞ്ഞിട്ടും ബസ് ഡ്രൈവര്‍ അദ്ദേഹത്തെ ഹോലോന്‍ നഗര മധ്യത്തിലാണ് ഇറക്കിവിട്ടത്. ”തലയില്‍ തൊപ്പിയും വെളുത്ത താടിയുമുള്ള ഞാന്‍ രണ്ട് പെട്ടികളുമായി അവിടെ നിന്നു. എല്ലാ ലക്ഷണങ്ങളും എന്നില്‍ ഒത്തുചേര്‍ന്നിരുന്നു. ‘അല്ലാഹു ദയാപരനാണ്’ എന്നാണ് ഞാനപ്പോള്‍ പറഞ്ഞത്. ആദ്യം ഒരു ബസ് വന്നു എന്നെ അതില്‍ കയറ്റിയില്ല. അടുത്ത ബസ്സിലും എനിക്ക് കയറാനായില്ല. പിന്നെ ഒരു ടാക്‌സി വന്നപ്പോള്‍ ഡ്രൈവറോട് ഞാന്‍ നിര്‍ത്താനാവശ്യപ്പെട്ടു. അദ്ദേഹം കാര്‍ നിര്‍ത്തി. റംല നഗരത്തില്‍ നിന്നുള്ള അറബിയായിരുന്ന അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു പേര് വിളിച്ച് സ്വാഗതം ചെയ്തു. തെല്‍അവീവിലെ ഹസന്‍ ബെക് മസ്ജിദില്‍ എന്നെ എത്തിക്കാന്‍ ഞാനയാളോട് ആവശ്യപ്പെട്ടു. ഭാര്യയെ വിളിച്ച് ഞാനുള്ള സ്ഥലം അറിയിച്ചു കൊടുത്തു.” എന്ന് അദ്ദേഹം മോചിപ്പിക്കപ്പെട്ട രീതിയെ കുറിച്ച് പറയുന്നു. മോചനത്തിന്റെ യാത്രയെ ‘ഭീകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്താണ് സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ഈ തീരുമാനത്തിന് പിന്നില്‍ ജയില്‍ വകുപ്പാണോ ഇന്റലിജന്‍സാണോ എന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖുദ്‌സിനും മസ്ജിദുല്‍ അഖ്‌സക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ് ശൈഖ് സലാഹിന്റെ മോചനമെന്ന് ഹമാസ് വ്യക്തമാക്കി. മസ്ജിദുല്‍ അഖ്‌സക്ക് നേരെയുള്ള ഇസ്രയേല്‍ പദ്ധതികള്‍ പരാജയപ്പെട്ടു എന്നതിനെ ശക്തിപ്പെടുത്തുന്നതാണ് ശൈഖിന്റെ അറസ്റ്റെന്നും ഹമാസ് പറഞ്ഞു.

Related Articles