Current Date

Search
Close this search box.
Search
Close this search box.

ശൈഖ് റാഇദ് സലാഹ് നിരാഹാരം അവസാനിപ്പിച്ചു

വെസ്റ്റ്ബാങ്ക്: ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന ഫലസ്തീന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹ് നിരാഹാര സമരം അവസാനിപ്പിച്ചു. തന്നെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചതിനോടും ഫലസ്തീന്‍ തടവുകാരോടുള്ള ഇസ്രയേല്‍ ജയിലധികൃതരുടെ മോശം പെരുമാറ്റത്തിലും പ്രതിഷേധിച്ചാണ് കഴിഞ്ഞ ഞായറാഴ്ച്ച അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത്.
1948ല്‍ അധിനിവേശം ചെയ്യപ്പെട്ട ഫലസ്തീന്‍ പ്രദേശത്തെ ഫലസ്തീനികളെ പ്രതിനിധീകരിക്കുന്ന ഏറ്റവും ഉന്നതതല സമിതിയായ ഹയര്‍ അറബ് മോണിറ്ററിംഗ് കമ്മറ്റി ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചതെന്ന് കമ്മറ്റി അംഗമായ ശൈഖ് കമാല്‍ ഖതീബ് പറഞ്ഞു. ശൈഖ് സലാഹിനെ നിരാഹാര സമരത്തിന് പ്രേരിപ്പിച്ചത് വ്യക്തിപരമായി അദ്ദേഹം നേരിട്ട ബുദ്ധിമുട്ടുകളല്ല, മറിച്ച് മുഴുവന്‍ ഫലസ്തീന്‍ തടവുകാരുടെയും പ്രശ്‌നങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാത്രിയില്‍ സെല്ലിലേക്ക് ഇരച്ചുകയറുക, പുസ്തകങ്ങളും കുറിപ്പുകളും കണ്ടുകെട്ടുക, പുസ്തങ്ങള്‍ കൊണ്ടുവരുന്നത് തടയുക തുടങ്ങിയ അതിക്രമങ്ങള്‍ക്കൊപ്പം ഏകാന്ത തടവും അദ്ദേഹം നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ മേയിലാണ് റാഇദ് സലാഹിനെ ഇസ്രയേല്‍ ജയിലില്‍ അടച്ചത്. അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് ഇസ്രയേല്‍ കോടതി ഒമ്പത് മാസം തടവാണ് അദ്ദേഹത്തിനെതിരെ വിധിച്ചിരിക്കുന്നത്. ഒമ്പത് വര്‍ഷം മുമ്പ് കിഴക്കന്‍ ഖുദ്‌സില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിലാണ് ശിക്ഷ.

ശൈഖ് റാഇദ് സലാഹിന്റെ ഭാര്യയുമായുള്ള അഭിമുഖം

Related Articles