Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കിന്റെ 60 ശതമാനം തങ്ങളുടേതാക്കാന്‍ ഇസ്രയേല്‍ പദ്ധതി

തെല്‍അവീവ്: വെസ്റ്റ്ബാങ്കിന്റെ 40 ശതമാനം പ്രദേശത്ത് ഫലസ്തീനികള്‍ക്ക് സ്വയം ഭരണവും ഗസ്സയില്‍ രാഷ്ട്രവും അനുവദിക്കുന്നതിന് പകരമായി വെസ്റ്റ്ബാങ്കിന്റെ 60 ശതമാനം ഇസ്രയേലിന്റെ ഭാഗമാക്കുന്ന പദ്ധതി ഇസ്രയേല്‍ വിദ്യാഭ്യാസ മന്ത്രിയും ജ്യൂയിഷ് ഹോം പാര്‍ട്ടി നേതാവുമായ നെഫ്താലി ബെന്നറ്റ് വെളിപ്പെടുത്തി. ഓസ്‌ലോ ഉടമ്പടി പ്രകാരം എ, ബി എന്നീ കാറ്റഗറിയില്‍ എണ്ണിയിരിക്കുന്ന പ്രദേശങ്ങള്‍ ആയുധമുക്തമാക്കി ഫലസ്തീനികള്‍ക്ക് സ്വയം ഭരണം നല്‍കാന്‍ ഉദ്ദേശിക്കുന്നു എന്നാണ് ബെന്നറ്റിനെ ഉദ്ധരിച്ച് ജറൂസലേം പോസ്റ്റ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. വെസ്റ്റ്ബാങ്കിന്റെ 40 ശതമാനം വരുന്നതാണ് എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങള്‍. വെസ്റ്റ്ബാങ്കിന്റെ 60 ശതമാനം വരുന്ന ‘സി’ കാറ്റഗറിയിലുള്ള പ്രദേശങ്ങള്‍ ഇസ്രയേലിനോട് കൂട്ടിചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ലോ ഉടമ്പടി പ്രകാരം ‘എ’ കാറ്റഗറിയിലുള്ള പ്രദേശങ്ങളുടെ പൂര്‍ണ നിയന്ത്രണം ഫലസ്തീനും, ‘ബി’ കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെ സിവില്‍കാര്യങ്ങള്‍ ഫലസ്തീനികള്‍ക്കും സുരക്ഷാകാര്യങ്ങള്‍ ഇസ്രേയേലിനുമാണ്. അതേസമയം ‘സി’ കാറ്റഗറിയിലുള്ള പ്രദേശങ്ങള്‍ ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലുമായിരിക്കും.
പദ്ധതി പ്രകാരം ഫലസ്തീനികള്‍ അവരുടെ തന്നെ നികുതികളില്‍ നിന്ന് വരുമാനം കണ്ടെത്തി സ്വയം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാം ലോക യുദ്ധത്തിന് ശേഷം പടിഞ്ഞാറന്‍ യൂറോപിനെ പുനര്‍നിര്‍മിക്കുന്നതിന് മുന്നോട്ടു വെക്കപ്പെട്ട അമേരിക്കന്‍ സാമ്പത്തിക പദ്ധതിയായ ‘മാര്‍ഷല്‍ പ്രൊജക്ടിന്’ സമാനമായ ഒന്നാണിതെന്നും ബെന്നറ്റ് അഭിപ്രായപ്പെട്ടു. അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന ഫലസ്തീനികളെ മടക്കി കൊണ്ടുവരാനുള്ള അവകാശം ഫലസ്തീനികള്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സ ഒരു ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്ഥാനത്താണുള്ളതെന്നും രണ്ടാമതൊരു ഫലസ്തീന്‍ രാഷ്ട്രം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ബെന്നറ്റ് പറഞ്ഞു. ഒരു രാഷ്ട്രത്തിന് വേണ്ടി നാല് അടിസ്ഥാന കാര്യങ്ങള്‍ കൃത്യമായ അതിര്‍ത്തി, ഭരണ സംവിധാനം, സൈനികശക്തി, അന്താരാഷ്ട്ര ബന്ധം എന്നിവയാണ്. ഈ നാല് ഘടകങ്ങളില്‍ മൂന്നരയും ഗസ്സ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍ ബെന്നറ്റിന്റെ ഈ പദ്ധതി ഇസ്രയേല്‍ ഭരണകൂടം അംഗീകരിക്കുമോ എന്നത് വ്യക്തമല്ലെന്ന് അനദോലു ന്യൂസ് സൂചിപ്പിക്കുന്നു. 1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ഖുദ്‌സ് തലസ്ഥാനമായി, വെസ്റ്റ്ബാങ്കിനെയും ഗസ്സയെയും ഉള്‍പ്പെടുത്തി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കണം എന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലാത്ത ഫലസ്തീന്‍ നേതൃത്വവും ഇതിനോട് പ്രതികരിച്ചിട്ടില്ല.

Related Articles