Current Date

Search
Close this search box.
Search
Close this search box.

വിവരങ്ങള്‍ കൈമാറാന്‍ ഈജിപ്ത് പൊലിസ് കുട്ടികളെ ഉപയോഗപ്പെടുത്തുന്നു

കൈറോ: രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ചെറിയ കുട്ടികളെ ഉപയോഗപ്പെടുത്താനുള്ള ഈജിപ്ത് പൊലിസിന്റെ നീക്കം വിവാദമാകുന്നു. ഈജിപ്ത് ആഭ്യന്തര മന്ത്രാലയമാണ് കുട്ടികളെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചത്. ചീത്ത ആളുകളെക്കുറിച്ച് പൊലിസിനെ അറിയിക്കണമെന്നാണ് കുട്ടികളോട് പൊലിസ് ആവശ്യപ്പെട്ടിരിക്കുന്നത്. വിവരങ്ങള്‍ കൈമാറാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ആനിമേഷന്‍ കാര്‍ട്ടൂണും പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളോട് പൊലിസിനെ പൂര്‍ണമായും വിശ്വസിക്കാനും ചീത്തയാളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തങ്ങള്‍ക്ക് കൈമാറണമെന്നുമാണ് ഇതിലൂടെ ആവശ്യപ്പെടുന്നത്.

ഇതിനെതിരെ സോഷ്യല്‍ മീഡിയകളിലടക്കം വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണുയര്‍ന്നു വന്നത്. കുട്ടികളെ രഹസ്യവിവരങ്ങള്‍ ശേഖരിക്കാനുള്ള ചാരന്മാരായി ഉപയോഗപ്പെടുത്തുകയാണെന്നാണ് പ്രധാന വിമര്‍ശനം. കുട്ടികളെക്കൊണ്ട് എന്താണ് പ്രയോജനം എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

‘പോസിറ്റീവായി നിലകൊള്ളൂ..നിങ്ങളുടെ കൈ ഞങ്ങളിലാണ്,കുട്ടികളുടെ മനസ്സ് ഞങ്ങള്‍ സംരക്ഷിക്കും’ തുടങ്ങിയ ടാഗ് ലൈനോടെയാണ് പൊലിസ് കാര്‍ട്ടൂണുകള്‍ യൂട്യൂബുകളിലടക്കം പോസ്റ്റ് ചെയ്തത്. മറ്റൊരു കാര്‍ട്ടൂണില്‍ തങ്ങളുടെ അയല്‍വാസികളായി പുതുതായി എത്തിയ രണ്ടു പേരെ കുട്ടികള്‍ നിരീക്ഷിക്കുകയും അവരുടെ പ്രവൃത്തികളില്‍ സംശയം തോന്നി കുട്ടികള്‍ പൊലിസിനെ വിവരമറിയിക്കുകയുമാണ്. തുടര്‍ന്ന് പൊലിസെത്തി അവരെ അറസ്റ്റു ചെയ്യുന്നതുമാണ് വീഡിയോവിലുള്ളത്.

തുടര്‍ന്ന് പൊലിസുദ്യോഗസ്ഥന്‍ കുട്ടികളെ അഭിനന്ദിക്കുകയും അവരോട് സുഹൃത്തുക്കളെപ്പോലെ പെരുമാറുന്നതും കാര്‍ട്ടൂണില്‍ കാണാം. കുട്ടികള്‍ക്ക് സംശയം തോന്നുന്നവരെക്കുറിച്ച് മറ്റൊരാളോട് പറയുന്നതിന് മുന്‍പ് പൊലിസിനെ അറിയിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശം. ‘ചീത്ത ആളുകളെ പിടികൂടാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിച്ചു, ഞങ്ങളുടെ പ്രതിഫലമായ ചോക്ലേറ്റ് എവിടെ’ എന്നു ചോദിക്കുന്നിടത്താണ് ആനിമേഷന്‍ വീഡിയോ അവസാനിക്കുന്നത്. നേരത്തെയും ഈജിപ്തില്‍ ഇത്തരത്തിലുള്ള നീക്കം നടന്നിരുന്നു.

 

 

 

Related Articles