Current Date

Search
Close this search box.
Search
Close this search box.

വാഷിംഗ്ടണ്‍ 10,000 സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കും

വാഷിംഗ്ടണ്‍: ഭരണപരവും രാഷ്ട്രീയപരവുമായ പ്രതിസന്ധികളുണ്ടെങ്കിലും പതിനായിരം സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന അമേരിക്കയുടെ വാഗ്ദാനം സെപ്റ്റംബറോടെ പൂര്‍ത്തീകരിക്കുമെന്ന് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജേ ജോണ്‍സണ്‍ പ്രഖ്യാപിച്ചു. 5000 സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അമേരിക്ക അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആറായിരത്തോളം പേരുടെ അപേക്ഷ പരിഗണനയിലാണെന്നും സെനറ്റിന് മുമ്പാകെ ജോണ്‍സണ്‍ വ്യക്തമാക്കി.
സിറിയന്‍ യുദ്ധത്തിന്റെ ഫലമായുള്ള ദുരന്തപൂര്‍ണമായ അവസ്ഥയെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സംസാരിച്ചിരുന്നു. സെപ്റ്റംബര്‍ 30ഓടെ അവസാനിക്കുന്ന 2016 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഭരണരംഗത്തുണ്ടായ പ്രതിസന്ധികള്‍ കാരണം പ്രവര്‍ത്തനങ്ങള്‍ വൈകുകയായിരുന്നു.
കഴിഞ്ഞ നവംബറില്‍ പാരീസിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അഭയാര്‍ഥികളുടെ കൂട്ടത്തില്‍ ഐഎസ് അംഗങ്ങളും രാജ്യത്തേക്ക് നുഴഞ്ഞുകയറാനുള്ള സാധ്യതയെ കുറിച്ച് ചില സെനറ്റ് അംഗങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് അഭയാര്‍ഥി വിരുദ്ധ നിലപാടുമായി ശക്തമായി രംഗത്തുണ്ടായിരുന്നു. അതേസമയം ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍ 65,000 അഭയാര്‍ഥികളെ സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

Related Articles