Current Date

Search
Close this search box.
Search
Close this search box.

ലോകത്തെ 25 കോടി അഭയാര്‍ഥികളില്‍ 22 ലക്ഷം സുഡാനില്‍: ഉമര്‍ ബശീര്‍

ദോഹ: ലോകത്തെ അഭയാര്‍ഥികളുടെ എണ്ണം 25 കോടിയില്‍ എത്തിയിരിക്കുകയാണെന്നും അതില്‍ 22 ലക്ഷം പേരെ സുഡാന്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബശീര്‍. കഴിഞ്ഞ ദിവസം ദോഹയില്‍ ആരംഭിച്ച പതിനേഴാമത് ദോഹ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ സാന്നിദ്ധ്യത്തിലും സംരക്ഷണത്തിലും ‘പുരോഗതി, സുസ്ഥിരത, അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഫോറത്തില്‍ വിവിധ രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു.
അഭയാര്‍ഥികള്‍ വിട്ടുപോന്നിട്ടുള്ള സമൂഹങ്ങളുടെയും അവരെ സ്വീകരിച്ചിട്ടുള്ള സമൂഹങ്ങളുടെയും സുസ്ഥിരതയും വളര്‍ച്ചയിലും പ്രകടമായ സ്വാധീനമാണ് അവര്‍ ഉണ്ടാക്കുന്നതെന്നും ബശീര്‍ അഭിപ്രായപ്പെട്ടു. സുഡാനിലുള്ള 22 ലക്ഷത്തോളം വരുന്ന അഭയാര്‍ഥികള്‍ സുഡാന്‍ പൗരന്‍മാര്‍ അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും അനുഭവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അഭയം നല്‍കുന്നത് സംബന്ധിച്ച് 1974ല്‍ തന്നെ ആദ്യമായി നിയമം തയ്യാറാക്കിയ രാജ്യമാണ് സുഡാന്‍ എന്നും അദ്ദേഹം ശ്രദ്ധയില്‍ പെടുത്തി.
അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അഭയം നല്‍കപ്പെടുന്ന രാജ്യങ്ങളില്‍ അവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വന്തം നാടുകള്‍ സുസ്ഥിരത വീണ്ടെടുത്ത ശേഷം അവിടേക്ക് മടങ്ങുന്നതിനും രാഷ്ട്രങ്ങള്‍ക്കിയില്‍ സമ്പൂര്‍ണമായ അടുപ്പം ആവശ്യമാണെന്ന് മാലി പ്രസിഡന്റ് ഇബ്‌റാഹീം ബൂബകര്‍ കിറ്റ ഫോറത്തില്‍ അഭിപ്രായപ്പെട്ടു. അഭയാര്‍ഥികളെ ആട്ടിയകറ്റാന്‍ പല നാടുകളെയും പ്രേരിപ്പിക്കുന്ന അവര്‍ക്ക് നേരെയുള്ള തെറ്റായ സമീപനത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തര്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന ഫോറത്തില്‍ രാഷ്ട്രനേതാക്കളടക്കം അറുന്നൂറോളം പേരാണ് പങ്കെടുക്കുന്നത്. ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി, സോമാലിയന്‍ പ്രസിഡന്റ് ഹസന്‍ അലി ഖൈരി തുടങ്ങിയ പ്രമുഖരും ഫോറത്തില്‍ സംബന്ധിക്കുന്നുണ്ട്.

Related Articles