Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യന്‍ കൂട്ടകുരുതി; സര്‍ഗാത്മക പ്രതിഷേധവുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം

ന്യൂഡല്‍ഹി: ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ മ്യാന്‍മറിലെ അറാകാന്‍ മേഖലയില്‍ മ്യാന്‍മാര്‍ സൈന്യവും ബുദ്ധ തീവ്രവാദികളും ചേര്‍ന്ന് നടത്തികൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്കെതിരെ ലോക മനസാക്ഷിയെ ഉണര്‍ത്തുവാനും കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യയില്‍ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകളുമായി കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥി സമൂഹത്തിനും അതിജീവനത്തിനായി അവര്‍ നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌കൊണ്ടും ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പിന്തുണയോടെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹല്‍ഖ സെവന്‍സ് സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘട്ടപ്പിക്കുന്നു.
സെപ്റ്റംബര്‍ 24 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിനടുത്ത് കന്നട സ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ ഫ്‌ളഡ് ലൈറ്റ് ഗ്രൗണ്ടിലാണ് കളി നടക്കുക. ഡല്‍ഹിയിലെ ശ്രം വിഹാറില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ താമസിക്കുന്ന സിറാജുള്ള നയിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ടീമായ ഷൈന്‍ സ്റ്റാര്‍ ക്ലബ്ബും, കഴിഞ്ഞ സീസണില്‍ ഹല്‍ഖ സെവന്‍സ് ടൂര്‍ണ്ണമെന്റ്റില്‍ ബൂട്ടുകെട്ടിയ ടീമുകളില്‍ നിന്നും മികച്ച പ്രകടനം കാഴ്ചവെക്കുന് ഡല്‍ഹിയിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള മലയാളി താരങ്ങള്‍ അണിനിരക്കുന്ന ഹല്‍ഖ സൂപ്പര്‍ സെവന്‍സ് ടീമുമാണ് സൗഹൃദ ഫുട്‌ബോള്‍ കളിക്കാനിറങ്ങുന്നത്.
സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം ശ്രദ്ധേയമായ പിന്തുണയാണ് സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്, ഹല്‍ഖ സെവന്‍സ് ജനറല്‍ മാനേജര്‍ ശിഹാദിന്റെ നേതൃത്വത്തില്‍ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളാണ് ഇതിന്റെ മുഖ്യ സംഘാടകരായി രംഗത്തുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മ്യാന്‍മാര്‍ ഭരണകൂടം അവിടെയുള്ള അറാകാന്‍ മേഖലയിലെ റോഹിങ്ക്യന്‍ വംശജരോട് തുടരുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളോട് നിരവധി പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ ഇതിനകം നടന്നു കഴിഞ്ഞെങ്കിലും ഫുട്‌ബോള്‍ എന്ന ജനകീയ കായികയിനത്തെ സര്‍ഗാത്മക പ്രതിഷേധത്തിന് തെരെഞ്ഞെടുത്തത് കാമ്പസുകളില്‍ ഇതിനകം സജീവമായ പിന്തുണ ലഭിക്കുവാന്‍ കാരണമായിട്ടുണ്ട്.
ഇരു ടീമുകളും വിവിധ ഐക്യദാര്‍ഢ്യ മുദ്രാവാക്യങ്ങളോടുകൂടിയ ജേഴ്‌സികള്‍ അണിഞ്ഞാണ് മത്സരത്തിറങ്ങുക, ഞയറാഴ്ച രാത്രി ഏഴു മണിക്ക് കന്നട സ്‌കൂള്‍ സ്‌റ്റേഡിയത്തിലെ കൃത്രിമ വെളിച്ചത്തില്‍ നടക്കുന്ന കാളി കാണാന്‍ ഡല്‍ഹിയിലെ വിവിധ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കാമ്പുകളില്‍ നിന്നും നിരവധിയാളുകള്‍ എത്തുമെന്ന് റോഹിങ്ക്യന്‍ ടീമിന്റെ നായകന്‍ സിറാജുല്ല അറിയിച്ചു.
ഫുഡ്‌ബോള്‍ മത്സരത്തിന് പുറമെ സാധ്യമാവുന്ന സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കുമെന്ന് ജെ.എന്‍.യു ഹല്‍ഖ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ നൗഷാദ് അറിയിച്ചു. മത്സരത്തിന് തയാറെടുക്കുന്ന റോഹിങ്ക്യന്‍ ടീമിന് പുതിയ ജേഴ്‌സിയും ബൂട്ടും നല്‍കാനുള്ള പണം കണ്ടെത്തനുള്ള ശ്രമത്തിലാണെന്ന് ഹല്‍ഖ ഡല്‍ഹി സര്‍വ്വകലാശാല ടീം അംഗം അഹ്ദസ് അറിയിച്ചു.  

Related Articles