Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്ക് നീതി ആവശ്യപ്പെട്ട് കൊല്‍ക്കത്തയില്‍ കൂറ്റന്‍ റാലി

കൊല്‍ക്കത്ത: മ്യാന്‍മര്‍ സര്‍ക്കാറിന്റെ വംശഹത്യക്ക് വിധേയരാവുന്ന റോഹിങ്ക്യകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്തില്‍ ബഹുജന റാലി. വര്‍ഷങ്ങളായി ഇന്ത്യയില്‍ കഴിയുന്ന നാല്‍പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഐക്യരാഷ്ട്രസഭ ഏജന്‍സികള്‍ ആക്ഷേപം രേഖപ്പെടുത്തിയ ദിവസത്തില്‍ തന്നെയാണ് റാലി നടന്നതെന്നതും ശ്രദ്ധേയമാണ്. റാലിയില്‍ 25,000നും 35000നും ഇടയില്‍ ആളുകള്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. മ്യാന്‍മര്‍ സ്‌റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂകിയെയും അവരെ സന്ദര്‍ശിച്ചിട്ടും റോഹിങ്ക്യകളുടെ ദുരിതത്തെ കുറിച്ച് പരാമര്‍ശം നടത്താതെ തിരിച്ചു പോന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപലപിക്കുന്ന മുദ്രാവാക്യങ്ങളും ബാനറുകളും പോസ്റ്ററുകളും പ്രകടനക്കാര്‍ ഉയര്‍ത്തി.
നിസ്സഹായരായ ആളുകള്‍ക്ക് അഭയം നല്‍കുന്ന ഇന്ത്യന്‍ സംസ്‌കാരത്തെ തകര്‍ക്കുകയാണ് മോദി ചെയ്യുന്നതെന്ന് റാലിയുടെ സംഘാടനത്തില്‍ പ്രധാന പങ്കുവഹിച്ച സംഘടനകളിലൊന്നായ ആള്‍ ബംഗാള്‍ മൈനോറിറ്റി യൂത്ത് ഫെഡറേഷന്‍ നേതാവ് മുഹമ്മദ് ഖമറുസ്സമാന്‍ പറഞ്ഞു. റോഹിങ്ക്യകളെ രാജ്യത്തു നിന്നും പുറത്താക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഞങ്ങളത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാര്‍ക് സര്‍ക്കസില്‍ നിന്നാരംഭിച്ച റാലി റാണി രഷ്മണി റോഡില്‍ മഹാസമ്മേളനത്തോടെയാണ് സമാപിച്ചത്. കോണ്‍ഗ്രസ് എം.പി ആദിര്‍ രഞ്ജന്‍ ചൗദരി, സി.പി.എം എം.എല്‍.എ സുജന്‍ ചക്രവര്‍ത്തി തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു.

Related Articles