Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്കെതിരെ വംശീയ ഉന്മൂലനാണ് മ്യാന്‍മര്‍ നടത്തുന്നത്: ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ ‘വംശീയ ഉന്മൂലനമാണ്’ മ്യാന്‍മര്‍ ഭരണകൂടം നടത്തുന്നതെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. അറാകാന്‍ പ്രവിശ്യയില്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ചകളില്‍ ആയിരങ്ങള്‍ ബംഗ്ലാദേശില്‍ അഭയം തേടിയിരിക്കുകയാണ്. അതിര്‍ത്തിയിലേക്ക് പോകുന്ന റോഹിങ്ക്യകള്‍ക്കിതിരെ നടക്കുന്ന കൊലയും പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും ‘വംശീയ ഉന്മൂലനത്തെ’ കുറിക്കുന്നതാണെന്ന് ബംഗ്ലാദേശിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി ജോണ്‍ മക്കിസിക്ക് പറഞ്ഞു.
ഒക്ടോബര്‍ ആദ്യത്തില്‍ പോലീസ് കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ആരംഭിച്ച സൈനിക പ്രവര്‍ത്തനങ്ങള്‍ മുപ്പതിനായിരത്തോളം ആളുകളുടെ പലായനത്തിന് കാരണമായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. സൈനിക നീക്കത്തിന്റെ ആഴം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് 1250 വീടുകള്‍ പ്രദേശത്ത് തകര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ‘ഔദ്യോഗിക സൈന്യത്തിനും ജനതക്കുമിടയില്‍ വിള്ളലുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ഭീകരരുടെ’ കൈകളാല്‍ 300 വീടുകള്‍ മാത്രമാണ് തകര്‍ക്കപ്പെട്ടിട്ടുള്ളതെന്നാണ് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ വിശദീകരണം.
റോഹിങ്ക്യകള്‍ അയല്‍രാഷ്ട്രമായ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ധാക്ക ഭരണകൂടം മ്യാന്‍മറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാനുഷിക പ്രതിസന്ധി ഒഴിവാക്കാന്‍ അതിര്‍ത്തി തുറന്നു കൊടുക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദം അവഗണിച്ചാണ് ബംഗ്ലാദേശിന്റെ ഈ നടപടി. അതിര്‍ത്തി തുറന്നു കൊടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്താന്‍ ബംഗ്ലാദേശ് ഭരണകൂടത്തിന് പ്രയാസമായിരിക്കുമെന്നും റോഹിങ്ക്യകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടര്‍ന്ന് അവരെ നാടുകടത്തുന്നതിന് മ്യാന്‍മര്‍ ഭരണകൂടത്തിന് കൂടുതല്‍ പ്രചോദനം നല്‍കുന്ന തീരുമാനമാകും അതെന്നും മക്കിസിക്ക് പറഞ്ഞു. ന്യൂനപക്ഷമായ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യുകയെന്ന പരമമായ ലക്ഷ്യം സാക്ഷാല്‍കരിക്കപ്പെടുകയാണ് അതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles