Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറം: ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്: മ്യാന്‍മര്‍ സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ ഇതുവരെയുള്ള കണക്കുകൂട്ടലുകളെയെല്ലാം കവച്ചുവെക്കുന്നതും പ്രതീക്ഷിച്ചതിലേറെ വ്യാപ്തിയുള്ളതുമാണെന്ന് മ്യാന്‍മറിലേക്കുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി യാങീ ലീ പറഞ്ഞു. നാല് ദിവസം നീണ്ടുനിന്ന ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സന്ദര്‍ശനത്തിനിടെ അവിടെയുള്ള റോഹിങ്ക്യന്‍ വിഭാഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മ്യാന്‍മറില്‍ നിന്നും രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ അഭയാര്‍ഥികള്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നടക്കം കടുത്ത പീഡനങ്ങളും കൊലപാതകള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ നിന്നുള്ള വിവരണങ്ങളെല്ലാം കൊടുംക്രൂരതയുടേത് മാത്രമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
‘ലൈഡ’ അഭയാര്‍ഥി ക്യാമ്പിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ മൊഴികള്‍ റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമായ കശാപ്പ്, വിവേചനരഹിതമായ വെടിവെപ്പ്, വീട്ടിനകത്ത് ബന്ധിച്ച ശേഷം വീടടക്കം ചുട്ടെരിക്കല്‍, കുട്ടികളെ തീയില്‍ എറിയല്‍, സ്ത്രീകള്‍ക്കെതിരെയുള്ള ബലാല്‍സംഗം തുടങ്ങിയ അതിക്രമങ്ങള്‍ അവിടെ നടന്നതായി മൊഴികള്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം വിവരിച്ചു. ബംഗ്ലാദേശിലെത്തിപ്പെട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ നിന്നുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്ന് യാങ് ലീ മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ റോഹിങ്ക്യകള്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ തുടര്‍ന്ന് നാല് മാസം കൊണ്ട് 73,000 റോഹിങ്ക്യന്‍ വംശജര്‍ ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ട്.

Related Articles