Current Date

Search
Close this search box.
Search
Close this search box.

റോഹിങ്ക്യകളെ സഹായിക്കല്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വം: ഖറദാവി

ദോഹ: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്‌ലിംകളെ സഹായിക്കാന്‍ അറബ് മുസ്‌ലിം ഭരണകൂടങ്ങളോട് ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി ആഹ്വാനം ചെയ്തു. അടിച്ചമര്‍ത്തപ്പെടുന്ന മ്യാന്‍മറിലെ സഹോദരങ്ങളോട് കാണിക്കുന്ന വഞ്ചനയുടെ പേരില്‍ ദൈവത്തിന്റെ കോടതിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും പ്രസ്താവനയില്‍ അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അറബ് മുസ്‌ലിം ഭരണകൂടങ്ങളോട് ഞാന്‍ പറയുന്നത്, മ്യാന്‍മറിലെ അടിച്ചമര്‍ത്തപ്പെടുന്ന നമ്മുടെ സഹോദരങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ മുമ്പില്‍ അവര്‍ ഉത്തരം പറയേണ്ടി വരുമെന്നാണ്. അവര്‍ക്ക് സംരക്ഷണം ഒരുക്കുന്നതില്‍ കാണിക്കുന്ന വഞ്ചനയുടെ പേരില്‍ അല്ലാഹു അവരെ വിചാരണ ചെയ്യും. അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി അവിടത്തെ അതിക്രമ ഭരണകൂടത്തിന് മേല്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദം ചെലുത്താന്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് -അവര്‍ ഉദ്ദേശിച്ചാല്‍- സാധിക്കും. വന്‍രാഷ്ട്രങ്ങള്‍ സഹായിക്കാനുള്ള മറ്റ് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ നാമത് കണ്ടതാണ്. അവരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച് അവരുമായി സന്ധി ചെയ്യാന്‍ മ്യാന്‍മര്‍ ഭരണകൂടം നിര്‍ബന്ധിതരായിരിക്കുകയാണ്. എന്ന് ഖറദാവി പറഞ്ഞു.
റോഹിങ്ക്യന്‍ മുസ്‌ലിംകളെ സഹായിക്കുന്നതില്‍ തുര്‍ക്കിയും അതിന്റെ പ്രസിഡന്റ് എര്‍ദോഗാനും നടത്തുന്ന ശ്രമങ്ങളെ ഖറദാവി പ്രശംസിച്ചു. ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ സന്ദര്‍ശിക്കാന്‍ വിദേശകാര്യ മന്ത്രിക്കൊപ്പം പ്രഥമ വനിതയെ കൂടി അയച്ച തുര്‍ക്കിയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അതേസമയം മ്യാന്‍മറിലെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് നേരെയുള്ള ഉത്തരവാദിത്വം അവഗണിച്ച് പരസ്പര വിയോജിപ്പുകളിലും അപ്രസക്തമായ മറ്റ് വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മുസ്‌ലിം രാഷ്ട്രങ്ങളുടെ സ്ഥിതിയില്‍ അദ്ദേഹം ദുഖം രേഖപ്പെടുത്തുകയും ചെയ്തു.

Related Articles